കല്പറ്റ: വയനാട്ടിലെ വെണ്ണിയോട് വ്യാപാരിയെയും കുടുംബത്തെയും കെട്ടിയിട്ട് വന്‍ കവര്‍ച്ച. വെണ്ണിയോട്ടെ മലഞ്ചരക്ക് വ്യാപാരി മുഹമ്മദ് ഹാജിയുടെ വീട്ടില്‍ നിന്നാണ് 40 പവനും മൂന്നരലക്ഷം രൂപയും കവര്‍ന്നത്. കമ്പളിക്കാട് എസ്.ഐ സജിത്ത് മീനങ്ങാടി സി.ഐ ടി.എന്‍ സജീവന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രായമായ മുഹമ്മദ് ഹാജിയും ഭാര്യയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തൊട്ടടുത്ത് വീടുകളില്ലാത്തതും കവര്‍ച്ചാ സംഘത്തിന് സഹായകമായി. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വീട്ടിലെത്തിയ ആറംഗസംഘത്തിലെ അഞ്ചുപേരാണ് വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകടന്നത്.
ഒരാള്‍ നീരിക്ഷണത്തിനായി പുറത്തു നിന്നു. അകത്തുകയറിയ സംഘം മുഹമ്മദ് ഹാജിയുടെ മകള്‍ സുനീറയെ ബന്ദിയാക്കുകയായിരുന്നു. പിന്നീട് എല്ലാവരെയും കെട്ടിയിട്ടശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതോടെ ഇവര്‍ അലമാരികളുടെ താക്കോല്‍ നല്കി.
സ്വര്‍ണവും പണവും കൈവശപ്പെടുത്തി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുമായാണ് സംഘം രക്ഷപ്പെട്ടത്. എന്നാല്‍ വാഹനം പിന്നീട് വീടിനുസമീപത്തുതന്നെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തി.
Discussion about this post