ഭുവനേശ്വർ: പൊതുപരിപാടിക്കിടെ മുൻ അംഗരക്ഷകൻ വെടിവച്ച ഒഡിഷ ആരോഗ്യമന്ത്രിയും ബിജെഡി മുതിർന്ന നേതാവുമായിരുന്ന നബ കിഷോർ ദാസ് അന്തരിച്ചു. ദുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ വച്ചാണ് അന്ത്യം.
ആരോഗ്യനില വഷളായതിനെ തുടർന്നാണ് മന്ത്രിയെ ഝാർസുഗുഡയിലെ ആശുപത്രിയിൽ നിന്ന് മാറ്റിയത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഖ്യമന്ത്രി നവീൻ പട്‌നായിക് അടക്കം ആശുപത്രിയിലെത്തിച്ചിരുന്നു.
ഇന്ന് ഉച്ചയോടെയാണ് ഗാന്ധി ഛക്ക് പോലീസ് ഔട്ട് പോസ്റ്റിലെ എഎസ്‌ഐ ഗോപാൽ കൃഷ്ണദാസ് മന്ത്രിയ്ക്ക് നേരെ വെടിയുതിർത്തത്യ ഝാർസുഗുഡിലെ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി കാറിൽ നിന്ന് ഇറങ്ങവെ എഎസ്‌ഐ വെടിയുതിർക്കുകയായിരുന്നു. മന്ത്രിയുടെ അംഗരക്ഷാസംഘത്തിലുണ്ടായിരുന്ന എഎസ്‌ഐയെ അടുത്തിടെയാണ് ചുമതലയിൽ നിന്ന് നീക്കിയത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ഭാര്യ ജയന്തി വെളിപ്പെടുത്തിയിരുന്നു.








