ന്യൂഡൽഹി : രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻസിന്റെ പേര് മാറ്റിയ സംഭവത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് സിപിഐ എംപി ബിനോയ് വിശ്വം. ഈ തീരുമാനം ഏകപക്ഷീയവും ദൗർഭാഗ്യകരവുമാണെന്ന് ബിനോയ് വിശ്വം കത്തിൽ പറഞ്ഞു.
ഇന്ത്യൻ ചരിത്രത്തിലെ മായിച്ചു കളയാനാകാത്ത കാലഘട്ടമാണ് മുഗൾ ചക്രവർത്തിമാരുടെ കാലം. അവരുടെ ചെയ്തികളിൽ നല്ലതും ചീത്തയുമുണ്ട്. മുഗൾ ചരിത്രത്തെ മായിച്ചുകളയാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിലൂടെ ഇന്ത്യൻ ചരിത്രത്തെ മാറ്റിയെഴുതാനും നീക്കങ്ങൾ നടക്കുന്നു. ഡൽഹി ചരിത്രത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ് മുഗൾ ഗാർഡൻസ് എന്നും പേരുമാറ്റത്തിലൂടെ അത് നഷ്ടമായെന്നും ബിനോയ് വിശ്വത്തിന്റെ കത്തിൽ പറയുന്നു.
സർക്കാരിന്റെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും ചരിത്രകാരന്മാരും പണ്ഡിതരുമായി ഇക്കാര്യം ചർച്ച ചെയ്യണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
ഇന്ത്യയ്ക്ക് സ്വതാന്ത്ര്യം ലഭിച്ച് 75 ാം വർഷത്തോടനുബന്ധിച്ചാണ് മുഗൾ ഉദ്യാനത്തിന്റെ പേര് മാറ്റി അമൃത് ഉദ്യാൻ എന്നാക്കിയത്. ജനുവരി 29 ന് അമൃത് ഉദ്യാൻ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് ഉദ്ഘാടനം ചെയ്തത്.








