ന്യൂയോർക്ക്/ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിനിടെ ജമ്മു കശ്മീർ വിഷയം വീണ്ടും ഉന്നയിച്ച പാകിസ്താനും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിക്ക് (Organisation of Islamic Cooperation) എതിരെയും കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് ഇന്ത്യ. വ്യാജ പ്രചാരണങ്ങൾ നടത്താൻ പാകിസ്താന് വേദി ഒരുക്കി കൊടുക്കുന്നതിന് പകരം, കാര്യങ്ങൾ മനസ്സിലാക്കി പാകിസ്താനെ ഉപദേശിക്കാനാണ് ഒ.ഐ.സി ശ്രമിക്കേണ്ടതെന്ന് വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു. കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഒ.ഐ.സിക്ക് യാതൊരു അവകാശവുമില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ന്യൂയോർക്കിൽ നടന്ന യു.എൻ പൊതുസഭയുടെ 81-ാമത് സമ്മേളനത്തിന്റെ അനുബന്ധമായി ചേർന്ന ഒ.ഐ.സി കോൺടാക്റ്റ് ഗ്രൂപ്പ് യോഗത്തിലാണ് പാകിസ്താൻ വീണ്ടും കശ്മീർ വിഷയം ഉന്നയിച്ചത്. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അസർബൈജാൻ, തുർക്കി, സൗദി അറേബ്യ, നൈജർ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി പിൻവലിക്കണമെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്‌ക്കെതിരെ സംയുക്ത നിലപാട് സ്വീകരിക്കണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഈ നീക്കങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമാണ് ഇന്ത്യ രേഖപ്പെടുത്തിയത്. ജമ്മു കശ്മീരും ലഡാക്കും എന്നും ഇന്ത്യയുടെ അവിഭാജ്യവും അവിച്ഛേദ്യവുമായ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. വസ്തുതാവിരുദ്ധവും അനാവശ്യവുമായ കാര്യങ്ങളാണ് ഒ.ഐ.സി യോഗത്തിൽ ഉയർന്നത്. സ്വന്തം രാജ്യത്തെ ഭീകരവാദവും തകർച്ചയും മറച്ചുവെക്കാൻ അന്താരാഷ്ട്ര വേദികളെ ദുരുപയോഗം ചെയ്യുന്ന പാകിസ്താന്റെ തന്ത്രങ്ങളിൽ വീഴരുതെന്നും ഒ.ഐ.സിയോട് ഇന്ത്യ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ നടത്തിയ ഈ ശക്തമായ പ്രത്യാക്രമണം ഇപ്പോൾ നയതന്ത്ര തലത്തിൽ വലിയ വാർത്തയായിരിക്കുകയാണ്.











