അമേരിക്ക വീണ്ടും ആക്രമണം നടത്തിയാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും അതിനപ്പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനേയിയുടെ മുതിർന്ന സൈനിക ഉപദേഷ്ടാവ് യഹ്യ റഹീം സഫാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പേർഷ്യൻ ഗൾഫിൽ നിന്നും ഹോർമുസ് കടലിടുക്കിലേക്കും ചെങ്കടലിലേക്കും സംഘർഷം വ്യാപിച്ച സാഹചര്യത്തിലാണ് ഈ പുതിയ മുന്നറിയിപ്പ്.
അമേരിക്കയുടെ ഭാഗത്തുനിന്ന് വീണ്ടും സൈനിക നടപടിയുണ്ടായാൽ തിരിച്ചടി കൂടുതൽ വിപുലമാക്കുമെന്നും, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി.) ശേഷി കൂടിയ പുതിയ ആയുധങ്ങൾ ഉപയോഗിച്ച് ഇതുവരെ ലക്ഷ്യമിടാത്ത പുതിയ കേന്ദ്രങ്ങളെ ആക്രമിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ദീർഘകാല യുദ്ധത്തിന് ഇറാൻ പൂർണ്ണ സജ്ജമാണെന്നും അധികൃതർ അറിയിച്ചു. യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കൂടി വ്യാപിക്കുന്നത് ആഗോള കടൽ ഗതാഗതത്തെയും ഊർജ വിതരണത്തെയും വലിയ തോതിൽ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് കപ്പലുകളുടെ യാത്ര ഇതിനകം തന്നെ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഏഷ്യയിലേക്കും തിരിച്ചുമുള്ള പ്രധാന വാണിജ്യ-ഊർജ കപ്പൽപാതകൾ ഇന്ത്യൻ മഹാസമുദ്രത്തിലൂടെയാണ് കടന്നുപോകുന്നത് എന്നതിനാൽ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.









