ന്യൂഡൽഹി: ഇന്ത്യയിലും മ്യാൻമറിലും പ്രവർത്തിക്കുന്ന വംശീയ സായുധ ഗ്രൂപ്പുകൾക്കും കലാപകാരികൾക്കും ആയുധ പരിശീലനവും ഡ്രോൺ വിദ്യകളും നൽകിയെന്ന ഗുരുതരമായ കേസിൽ അറസ്റ്റിലായ ആറ് യുക്രെയ്ൻ പൗരന്മാർക്ക് ഡൽഹിയിലെ എൻ.ഐ.എ പ്രത്യേക കോടതി ഡിഫോൾട്ട് ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ വീതമുള്ള വ്യക്തിഗത കാഷ് ബോണ്ടിലാണ് സ്പെഷ്യൽ ജഡ്ജ് പ്രശാന്ത് ശർമ്മ പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഇതോടൊപ്പം വിദേശ പൗരന്മാരുടെ ഇമിഗ്രേഷൻ നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ നിന്ന് ഇവരെ ഒഴിവാക്കുകയും ചെയ്തു.
ഈ വർഷം മാർച്ചിലാണ് കേസിനാസ്പദമായ സംഭവം പുറത്തുവരുന്നത്. ഇന്ത്യ-മ്യാൻമർ അതിർത്തി കേന്ദ്രീകരിച്ച് വംശീയ ഗ്രൂപ്പുകൾക്ക് ഡ്രോൺ യുദ്ധമുറകളിലും ആയുധ ഉപയോഗത്തിലും പരിശീലനം നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് എൻ.ഐ.എ ആറ് യുക്രെയ്ൻ സ്വദേശികളെയും ഒപ്പം മാത്യു ആറൺ വാൻ ഡൈക്ക് എന്ന അമേരിക്കൻ പൗരനെയും അറസ്റ്റ് ചെയ്തത്. തുടർന്ന് യു.എ.പി.എ (UAPA) അടക്കമുള്ള കടുത്ത ഭീകരവിരുദ്ധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ നിയമപ്രകാരമുള്ള 180 ദിവസത്തിനുള്ളിൽ ഭീകരവിരുദ്ധ നിയമപ്രകാരമുള്ള കൃത്യമായ കുറ്റപത്രം സമർപ്പിക്കാൻ എൻ.ഐ.എയ്ക്ക് സാധിച്ചില്ല.
ഇമിഗ്രേഷൻ ആക്ടിലെ ലംഘനങ്ങൾ മാത്രം ഉൾപ്പെടുത്തി എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രം അപൂർണ്ണമാണെന്ന് വിലയിരുത്തി അമേരിക്കൻ പൗരനായ മാത്യു ആറൺ വാൻ ഡൈക്കിന് കഴിഞ്ഞ സെപ്റ്റംബർ 18-ന് കോടതി ഡിഫോൾട്ട് ജാമ്യം അനുവദിച്ചിരുന്നു. ഇതിന് സമാനമായ ആനുകൂല്യം തന്നെയാണ് ഇപ്പോൾയുക്രെയ്ൻ സ്വദേശികളായ ആറുപേർക്കും കോടതി നൽകിയിരിക്കുന്നത്. പാസ്‌പോർട്ട്, വിസ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഫെറിൻ റെജിസ്ട്രേഷൻ ഓഫീസിന് (FRRO) പ്രതികൾ ഓരോരുത്തരും 5.5 ലക്ഷം രൂപ വീതം പിഴ തുകയായി ഒടുക്കിയതോടെയാണ് ഇമിഗ്രേഷൻ കേസുകളിൽ നിന്നും ഒഴിവായത്. കേസിൽ എൻ.ഐ.എ അന്വേഷണം ഇപ്പോഴും തുടരുകയാണ്.









