തിരുവനന്തപുരം: സംസ്ഥാനത്ത് കടത്തിൽ മേൽ കടം കയറി ഖജനാവ് കാലിയാകുമ്പോഴും ആഡംബരത്തിൽ കുറവ് വരുത്താതെ സർക്കാർ. എട്ടുമന്ത്രിമാർക്കും ചീഫ് സെക്രട്ടറിയ്ക്കും പുതിയ ഇന്നോവ ക്രിസ്റ്റ എത്തി. മന്ത്രിമാരായ പി പ്രസാദ്, ശിവൻകുട്ടി, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, അബ്ദുൾ റഹിമാൻ, മുഹമ്മദ് റിയാസ്, ബാലഗോപാൽ, കെ രാജൻ, ചീഫ് സെക്രട്ടറി ഡോ. വിപി ജോയി, എന്നിവർക്കാണ് പുതിയ ഇന്നോവ ക്രിസ്റ്റ അനുവദിച്ചത്.
ഒമ്പത് വാഹനങ്ങൾക്കായി രണ്ടരകോടിയിലധികം രൂപയാണ് ഖജനാവിൽ നിന്ന് ചെലവാക്കിയിരിക്കുന്നത്. 2021 മെയ് മാസത്തിൽ ചുമതലയേറ്റപ്പോൾ മന്ത്രിമാർക്ക് പുതിയ വാഹനം അനുവദിച്ചിരുന്നു. ഇവ ഒരു ലക്ഷം മുതൽ ഒന്നരലക്ഷം വരേയെ ഓടിയിട്ടുള്ളൂ. സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുമ്പോഴും ഒന്നരവർഷം പിന്നിടുമ്പോഴേക്കും പുതിയ വാഹനം അനുവദിച്ചത് വിവാദം ആയിരിക്കുകയാണ്.
ചെലവ് ചുരുക്കാൻ നിരന്തരം ആവശ്യപ്പെടുന്ന ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരണത്തിന് ശേഷം പുതിയ വാഹനം വാങ്ങാമെന്ന തീരുമാനത്തിലാണ്. പുതിയ ഇന്നോവ ക്രിസ്റ്റ ലഭിക്കുന്നതോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് മാത്രം രണ്ട് ഔദ്യോഗിക വാഹനങ്ങളായി. മന്ത്രിയായി ചുമതലയേറ്റപ്പോൾ ലഭിച്ച വാഹനം കോഴിക്കോട് ജില്ലയിൽ മാത്രം ഉപയോഗിക്കാൻ മന്ത്രിയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. ടൂറിസം വകുപ്പാണ് മന്ത്രിമാർക്ക് വാഹനം അനുവദിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് ഇന്നോവ ക്രിസ്റ്റ കാറിന് പുറമേ കിയ കാർണിവൽ കാറും ഔദ്യോഗികമായിട്ടുണ്ട്.










