ഇസ്ലാമാബാദ്: പെഷവാറിൽ നൂറിലധികം പേരുടെ മരണത്തിന് ഇടയാക്കിയ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ് മേധാവി. ആക്രമണത്തിനായി ചാവേർ നടത്തിയ ആസൂത്രണമുൾപ്പെടെയുള്ള വിവരങ്ങളാണ് ഖൈബർ പക്തുൻക്വ പോലീസ് മേധാവി മസ്സാം ഝാ അൻസാരി വെളിപ്പെടുത്തിയിരിക്കുന്നത്. 25 കാരനായ ഹുഫൈസയാണ് ആക്രമണം നടത്തിയത് എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പോലീസ് സുരക്ഷയുണ്ടായിരുന്ന മസ്ജിദിൽ ഹുഫൈസ് എങ്ങനെ കയറിക്കൂടി എന്നത് അജ്ഞാതമായിരുന്നു. എളുപ്പത്തിൽ മസ്ജിദിലേക്ക് കടക്കാൻ പോലീസ് യൂണിഫോം ധരിച്ചാണ് ഇയാൾ എത്തിയത്. പോലീസുകാരനായതിനാൽ പ്രാർത്ഥനയ്ക്ക് എത്തിയവരും ഇയാളെ സംശയിച്ചിരുന്നില്ല. തലയിൽ ഇയാൾ പോലീസുകാരുടെ ഹെൽമറ്റും ധരിച്ചിരുന്നു. അതിനാൽ പോലീസുകാരും ഇയാളെ തിരിച്ചറിഞ്ഞില്ല. മസ്ജിദിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായി. ഇതാണ് ആക്രമണത്തിന് കാരണമായത്. ഇരു ചക്രവാഹനത്തിലാണ് ഇയാൾ മസ്ജിദിലേക്ക് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മസ്ജിദിൽ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന പോലീസുകാരെയും മൗലാന സഹിബ്‌സാദ നൂറുൾ അമിനെയും ലക്ഷ്യമിട്ട് ആയിരുന്നു ഹുഫൈസ് എത്തിയത്. ഇവരെ ഇരയാക്കാൻ പ്രാർത്ഥനയുടെ മുൻവശത്തുതന്നെ സ്ഥാനം കണ്ടെത്തി. പ്രാർത്ഥന ആരംഭിച്ചതോടെ ഇയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ തെഹ്‌രീക് ഇ താലിബാൻ പാകിസ്താൻ കമാൻഡർ ഉമർ ഖാലിദിനെ കൊലപ്പെടുത്തിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് കാരണം ആയതെന്നും പോലീസ് മേധാവി വ്യക്തമാക്കി.








