ഇസ്ലാമാബാദ്: പെഷവാറിൽ നടന്ന ചാവേർ ആക്രമണത്തിന് പിന്നാലെ ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി പാകിസ്താനിലെ പോലീസ് ഉദ്യോഗസ്ഥർ. തീവ്രവാദികൾക്കിടയിലേക്ക് തങ്ങൾ വലിച്ചെറിയപ്പെടുകയാണെന്ന് ഉദ്യോഗസ്ഥർ ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭരണനേതൃത്വത്തിനെതിരെ വിമർശനവുമായി ഉദ്യോഗസ്ഥരെത്തിയത്. സർക്കാരിനെതിരെ വിമർശനവുമായി നിരവധി പോലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പെഷവാറിൽ പ്രതിഷേധറാലിയും സംഘടിപ്പിച്ചിരുന്നു.
അഫ്ഗാനുമായി അതിർത്തി പങ്കിടുന്ന മേഖലയിൽ തീവ്രവാദികൾക്കെതിരായ പോലീസ് നടപടികൾക്കെതിരെയുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഞങ്ങൾ ഈ ആക്രമണത്തിന്റെ ഞെട്ടലിലാണ്, എല്ലാ ദിവസങ്ങളിലും ഞങ്ങളുടെ സഹപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഞങ്ങൾ സുരക്ഷിതരല്ലെങ്കിൽ പിന്നെ ഈ രാജ്യത്ത് ആരാണ് സുരക്ഷിതരായിട്ടുള്ളതെന്നാണ് ഒരു ഉദ്യോഗസ്ഥൻ ചോദിച്ചത്.
യുദ്ധത്തിന്റെ മുൻനിരയിലാണ് ഞങ്ങൾ നിൽക്കുന്നത്. ഓഫീസുകളും പൊതുസ്ഥലങ്ങളും എല്ലാം ഞങ്ങൾ സംരക്ഷിക്കുന്നു. എന്നാൽ ഭരണകൂടം ഞങ്ങളുടെ കൈകൾ കെട്ടിയ ശേഷം ആ മൃഗങ്ങളുടെ മുന്നിലേക്ക് എറിഞ്ഞു കൊടുത്തിരിക്കുകയാണ്. നാളെ എന്താകുമെന്ന് പറയാനാകാത്ത സ്ഥിതിയാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ എന്ത് സംഭവിക്കുമെന്ന് ഉറപ്പില്ല. ഇന്ന് അവനാണെങ്കിൽ നാളെ ഞാൻ ആയിരിക്കാം എന്ന് 42കാരനായ ഇനായത്ത് ഉള്ള എന്ന പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു.
വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുൻപ് എല്ലാവരേയും കെട്ടിപ്പിടിച്ച ശേഷമാണ് ഇറങ്ങുന്നത്. ഞങ്ങൾ ജീവനോടെ തിരിച്ച് വരുമോ ഇല്ലയോ എന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പില്ല എന്നാണ് സ്‌ഫോടനത്തിൽ ആറ് സഹപ്രവർത്തകരെ നഷ്ടപ്പെട്ട മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്.
അടുത്തിടെ പാക് ജയിലുകളിൽ നിന്ന് 100ഓളം തീവ്രവാദികളെ മോചിപ്പിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ തന്നെ ഇതിനെതിരെ വിമർശനം ശക്തമാണ്. ”ഒരു ദിവസം വെടിനിർത്തലും സമാധാനചർച്ചകളും ഉണ്ടെന്ന് നിങ്ങളോട് പറയുന്നു. അടുത്ത ദിവസം പറയുകയാണ് വെടിനിർത്തലില്ല, യുദ്ധത്തിന് തയ്യാറാകണമെന്ന്, എന്ത് ചെയ്യണമെന്ന് യാതൊരു കൃത്യതയും ഇല്ലാത്ത അവസ്ഥ. ഇത് അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും” മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു.
Discussion about this post