മുംബൈ : വ്യാജ പോർച്ചുഗീസ് പാസ്‌പോർട്ട് ഉപയോഗിച്ച് ലോകം ചുറ്റിനടന്ന യുവാവ് പിടിയിൽ. ഗുജറാത്തിലെ ഖേഡ സ്വദേശി മുജീബ് ഹുസൈൻ കാസിയാണ് പിടിയിലായത്. വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഇയാൾ മൂന്ന് രാജ്യങ്ങളിലാണ് ചുറ്റിക്കറങ്ങി നടന്നത്.
2010 ൽ സ്റ്റുഡൻറ് വിസയിൽ യുകെയിലേക്ക് പോയ യുവാവ് കാലാവധി കഴിഞ്ഞിട്ടും അവിടെ താമസിച്ച് ജോലി ചെയ്യുകയായിരുന്നു. തുടർന്ന് 2018 ൽ പോർച്ചുഗലിലേക്ക് പോയി. അവിടെ നിന്ന് വ്യാജ പാസ്‌പോർട്ട് നേടി. ഈ പാസ്‌പോർട്ട് ഉപയോഗിച്ച് ഇന്ത്യൻ എൻട്രി വിസയും നേടിയെടുത്തു. ഇതിനിടെ ഇയാൾ ഫ്രാൻസിലേക്കും പോയിരുന്നു. മൂന്ന് തവണയെങ്കിലും ഇയാൾ ഇന്ത്യയിലേക്ക് വന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച പാരീസിൽ നിന്നും ദോഹ വഴി വീണ്ടും മുംബൈയിലേക്ക് വന്നപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ കാസിയുടെ പാസ്‌പോർട്ടിൽ സംശയം തോന്നിയ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പരിശോധനയിൽ പോർച്ചുഗീസ് സർക്കാർ കാസിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ടെന്ന് കണ്ടെത്തി. 2019, 2020, 2022 വർഷങ്ങളിൽ ഓരോ തവണ ഇയാൾ ഇന്ത്യയിലേക്ക് വന്നിട്ടുണ്ട്. കൂടാതെ ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്കും പാരീസിലേക്കും ഇയാൾ ഈ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തിട്ടുണ്ട്.








