ചെന്നൈ : തമിഴ്‌നാട്ടിലെ പഴനി ശ്രീ ദണ്ഡായുധപാണി ക്ഷേത്രം പ്രകൃതി അനുഗ്രഹിച്ച് നൽകിയ വിശ്വ വിസ്മയമാണെന്ന് മദ്രാസ് ഹൈക്കോടതി. ക്രൂരമായ കൊലപാതകങ്ങൾ നടന്ന റോമിലെ കൊളോസിയം ആഘോഷിക്കപ്പെടുമ്പോൾ ദൈവിക അനുഭവങ്ങൾ നൽകുന്ന പുരാതന ക്ഷേത്രങ്ങളുടെ രൂപത്തിലുള്ള ‘പ്രകൃതി അത്ഭുതങ്ങൾ’ കൊണ്ട് തമിഴ്‌നാട് അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്. അത്തരത്തിലൊരു വിസ്മയമാണ് പഴനിയിലെ ശ്രീ ദണ്ഡായുധപാണി ക്ഷേത്രം എന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ടി രാജ അദ്ധ്യക്ഷമായ ബെഞ്ച് പറഞ്ഞു.
വിശ്വാസികൾക്ക് ക്ഷേത്ര ദൈവീകമായ അനുഭവം നൽകുന്നു. പഴനി ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്രസാദങ്ങളായ പാലും പഞ്ചാമൃതും കഴിച്ച നിരവധി പേർക്ക് രോഗങ്ങൾ ഭേദമായിട്ടുണ്ട്. ശ്രീ ദണ്ഡായുധപാണി ക്ഷേത്രത്തിലെ വിഗ്രഹത്തിന് ലോകാത്ഭുതങ്ങളേക്കാൾ ഏറെ വർഷം പഴക്കമുണ്ട്.
1600 ലാണ് ചൈനയിലെ വൻ മതിലിന്റെ നിർമ്മാണം പൂർത്തിയായത്. റോമിലെ കൊളോസിയം നിർമ്മിച്ചത് 70 എഡിയിലും. താജ് മഹലാകട്ടെ 1631 നും 1648 നുമിടയിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. എന്നാൽ ദണ്ഡായുധപാണി ക്ഷേത്ര വിഗ്രഹം 3000 ബിസിയിലാണ് നിർമ്മിച്ചത് എന്ന് കോടതി ചൂണ്ടിക്കാട്ടി.
നവഭാസന എന്ന ഒൻപത് കൊടും വിഷങ്ങൾ ഉപയോഗിച്ച് യോഗി ഭോഗരാണ് വിഗ്രഹം നിർമ്മിച്ചത്. വൈദ്യശാസ്ത്രം, ആത്മീയത, ജ്യോതിഷം, യോഗ എന്നിവയിൽ ജ്ഞാനിയായിരുന്നു അദ്ദേഹം.
മനുഷ്യൻ ഒരു കാലത്ത് പല രോഗങ്ങളാൽ കഷ്ടപ്പെടുമെന്ന് അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നു. 1,448 അപൂർവ ഔഷധങ്ങൾ ഉപയോഗിച്ചാണ് അദ്ദേഹം ഒമ്പത് വിഷ പദാർത്ഥങ്ങൾ നിർമ്മിച്ചത്. തുടർന്ന് അത് മാരകമായ രോഗങ്ങൾ പോലും ഭേദമാക്കാൻ പര്യാപ്തമായ മരുന്നാക്കി മാറ്റിയെന്ന് കോടതി പറഞ്ഞു. പാലും പഞ്ചാമൃതവും വിഗ്രഹത്തിൽ ഒഴിച്ച് കുറച്ച്‌നേരത്തിന് ശേഷം ആരെങ്കിലും അത് കഴിച്ചാൽ, മനുഷ്യന്റെ എല്ലാ രോഗങ്ങളും ഭേദമാകുമെന്ന് ഭോഗർ തന്റെ ശിഷ്യൻ പുലിപ്പാനിയോട് പറഞ്ഞതായി വിശ്വസിക്കപ്പെടുന്നു. പാലും പഞ്ചാമൃതവും കഴിച്ച ആയിരക്കണക്കിന് ഭക്തർ സുഖം പ്രാപിച്ചതായി അവകാശപ്പെട്ടുന്നുണ്ടെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
കലിംഗനാഥിന്റെ മാർഗ്ഗനിർദ്ദേശത്തിൽ ഭോഗർ ഒരു സിദ്ധപുരുഷനായി. ക്ഷേത്ര വിഗ്രഹത്തിനടിയിൽ ഭോഗർ ജീവനോടെ സമാധിയായി. ദണ്ഡായുധപാണി സ്വാമിക്ഷേത്രം സന്ദർശിക്കുന്ന ഭക്തർക്ക് സമാധി സന്ദർശിച്ചതിന്റെ പൂർണ്ണ സംതൃപ്തി ലഭിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
വരാനിരിക്കുന്ന ഉത്സവത്തോടനുബന്ധിച്ച് മണ്ഡലാഭിഷേക ചടങ്ങുകൾ 48 ദിവസത്തിന് പകരം മൂന്ന് ദിവസമാക്കി വെട്ടിക്കുറച്ച ക്ഷേത്ര ഭരണസമിതിയുടെ തീരുമാനത്തിനെതിരെ ക്ഷേത്ര പ്രവർത്തകൻ ടി ആർ രമേശാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ഈ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം അറിയിച്ചത്.










