ഡല്‍ഹി:കേന്ദ്രസര്‍ക്കാറിന്റെ പുതിയ വ്യോമയാന നയം പുറത്തിറക്കി.ആഭ്യന്തര വിമാന സര്‍വ്വീസുകളുടെ യാത്രാ നിരക്ക് വന്‍തോതില്‍ വെട്ടിക്കുറച്ചതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നയത്തിലുണ്ട്.2500 രൂപയായിരിക്കും ഈ പദ്ധതി പ്രകാരം ഒരു മണിക്കൂര്‍ വിമാനയാത്രയ്ക്കുള്ള ചെലവ്.
2016 ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിരക്കിലുള്ള സര്‍വ്വീസുകള്‍ ഉണ്ടാകും. പുതിയ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറാകുന്ന വിമാനക്കമ്പനികള്‍ക്കും എയര്‍പോര്‍ട്ട് അധികൃതര്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങളും നയത്തില്‍ ഉള്‍പ്പെടുന്നു.
ഉപയോഗിക്കാതെ കിടക്കുന്ന എയര്‍ സ്ട്രിപ്പുകളെ പുനരുദ്ധരിച്ചു കൊണ്ട് വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റീജണല്‍ കണക്ടിവിറ്റി സ്‌കീം , വ്യോമയാന ഇന്ധനത്തിന് കസ്റ്റംസ് നികുതി വിമാനയാത്രയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ആഡംബരസേവന നികുതി എന്നിവ ഒഴിവാക്കുക,വിമാനഅറ്റകുറ്റ പണികള്‍ക്കുള്ള ഹബ്ബാക്കി രാജ്യത്തെ മാറ്റിയെടുക്കുക തുടങ്ങിയ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ വ്യോമയാന നയം ശുപാര്‍ശ ചെയ്യുന്നു. ഹെലികോപ്ടര്‍ ഗതാഗതത്തിനായി പ്രത്യേക ചട്ടങ്ങള്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആധുനീകരണം, പ്രാദേശിക കേന്ദ്രങ്ങളുമായുള്ള കണക്ടിവിറ്റി, ചരക്ക് ഗതാഗതത്തിന്റെ വികസനം എന്നിവ ഉള്‍പ്പെടെ വിവിധ നിര്‍ദ്ദേശങ്ങളാണ് നയത്തില്‍ പറയുന്നത്.
വന്‍നഗരങ്ങളിലേക്കുള്ള യാത്രയ്ക്ക് ഏര്‍പ്പെടുത്തുന്ന രണ്ട് ശതമാനം ലെവി ഉപയോഗിച്ച് പ്രാദേശിക വിമാനത്താവളങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ക്ക് സഹായം നല്‍കും. രാജ്യത്തിന്റെ 5,000 കിലോമീറ്ററിനുള്ളില്‍ പറക്കുന്ന വിമാനക്കമ്പനികള്‍ക്ക് വിദേശനിക്ഷേപം 49 ശതമാനത്തില്‍ നിന്നും 50 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്താന്‍ അനുമതി നല്‍കും. വിവിധ സംസ്ഥാനങ്ങളില്‍ പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കും. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി വിദേശത്തുനിന്നും വരുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് രാജ്യത്തെ കസ്റ്റംസ്, എമിഗ്രേഷന്‍ സംവിധാനമുള്ള എല്ലാ വിമാനത്താവളങ്ങളിലും സൗജന്യ ലാന്റിംഗ് ലഭ്യമാക്കുമെന്നും പുതിയ നയത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
സംസ്ഥാന സര്‍ക്കാരുകളുടെ കൂടി സഹകരണത്തോടെയാണ് രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ എയര്‍സ്ട്രിപ്പുകള്‍ പരിഷ്‌ക്കരിക്കുക. രാജ്യത്തെ 430 എയര്‍സ്ട്രിപ്പുകളില്‍ 90 എണ്ണം മാത്രമാണ് നിലവില്‍ പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. മുന്നൂറോളം എയര്‍ട്രിപ്പുകള്‍ അടഞ്ഞു കിടക്കുന്നുണ്ട്. ഈ ചെറുവിമാനത്താവളങ്ങള്‍ നവീകരിക്കാന്‍ ആകെ ചിലവ് 50 കോടി രൂപ മാത്രമേയുള്ളെന്നാണ് വ്യോമയാന മന്ത്രാലയം പറയുന്നത്.
അഞ്ചുവര്‍ഷത്തെ സര്‍വ്വീസും 20 വിമാനങ്ങളും ഉള്ളവര്‍ക്ക് മാത്രമേ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് അനുമതി നല്‍കാറുള്ളൂ. പുതിയ നയത്തിന്റെ കരട് റിപ്പോര്‍ട്ടില്‍ ഈ നിബന്ധന ഒഴിവാക്കി. മികച്ച നിലയില്‍ ആഭ്യന്തര സര്‍വ്വീസുകള്‍ നടത്തുന്നവര്‍ക്ക് അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കും അനുമതി നല്‍കാമെന്ന് പുതിയ നയത്തില്‍ പറയുന്നു.
ദേശീയ സിവില്‍ വ്യോമയാന നയത്തിന്റെ പുതുക്കിയ കരട് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി പി. അശോക് ഗജപതി രാജു പ്രകാശനം ചെയ്തു. സിവില്‍ വ്യോമയാന മേഖലയിലെ മാറുന്ന ആവശ്യങ്ങള്‍ക്ക് യോജിക്കുന്ന തരത്തില്‍ ചലനാത്മകമായിരിക്കും ദേശീയ നയമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സിവില്‍ വ്യോമയാന വകുപ്പ് സഹമന്ത്രി ഡോ. മഹേഷ് ശര്‍മ്മയും സന്നിഹിതനായിരുന്നു. വകുപ്പ് സെക്രട്ടറി രാജീവ് നയന്‍ ചൗബേ കരട് നയത്തിന്റെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു.
Discussion about this post