കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസിൽ നിർണായക വഴിത്തിരിവ്. നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ വിഷാശമോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട്. കൊല്ലപ്പെട്ട അന്നമ്മ തോമസ് , ടോം തോമസ് , മഞ്ചാടിയിൽ മാത്യൂ, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പുറത്തെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്.
2002 മുതൽ 2014 വരെയുള്ള കാലഘട്ടത്തിലാണ് ഇവർ മരിച്ചത്. തുടർന്ന് 2019 ൽ ഇവരുടെ മൃതദേഹാവശിഷ്ടങ്ഹൾ പുറത്തെടുത്ത് പരിശോധനയ്ക്കയച്ചു. അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നൽകിയുമാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു പ്രാഥമിക കണ്ടെത്തൽ. റോയ് തോമസ് , സിലി എന്നിവരുടെ മൃതദേഹത്തിൽ സയനൈഡ് സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു.
ആദ്യം റീജണൽ ഫൊറൻസിക് ലാബിലും പിന്നീട് ദേശീയ ഫൊറൻസിക് ലാബിലുമാണ് പരിശോധന നടത്തിയത്. മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കം കാരണമാകാം സയനൈഡിന്റെ അംശമോ വിഷാംശമോ കണ്ടുപിടിക്കാൻ കഴിയാതിരുന്നത് എന്നാണ് നിഗമനം.












