കൊച്ചി: കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടൻ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ധനമന്ത്രിയ്ക്കാണ് അദ്ദേഹം നിർദ്ദേശം നൽകുന്നത്. സെസും സർവകലാശാല ഡോക്ടറേറ്റ് വിഷയവും പരാമർശിച്ചാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘ധനമന്ത്രിയുടെ അടിയന്തിര ശ്രദ്ധക്ക്, സംസ്ഥാനത്തെ സർവകലാശാലകളിലെ ”ഡോ”പ്രബന്ധങ്ങൾക്ക് നികുതിയോ സെസ്സൊ അങ്ങനെ എന്തെങ്കിലും ഏർപ്പെടുത്തിയാൽ ഒരു പരിധിവരെ കേരളത്തിന്റെ കടബാധ്യത കുറയ്ക്കാം; ഒപ്പം എല്ലാവരും ”ഡോ ”കളാകുന്ന സോഷ്യലിസം നടപ്പിലാവുകയും ചെയ്യുമെന്നാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തെ ബജറ്റിലെ നികുതി വർധനവിനെ രൂക്ഷമായി പരിഹസിച്ചും നടൻ രംഗത്തെത്തിയിരുന്നു.
വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയിൽ ജനങ്ങൾക്ക് നിരവധി ത്യാഗം സഹിക്കേണ്ടതായി വരും. ഒരു ചുകപ്പൻ സോഷ്യലിസത്തിലേക്കുള്ള പ്രയാണമാണ് സഖാക്കളെ ഇപ്പോൾ നമ്മൾ കാണുന്ന സ്വപ്നം. അതിനാൽ മുണ്ട് മുറുക്കിയുടുക്കുന്ന പിന്തിരിപ്പൻ ബൂർഷ്വാ മുദ്രാവാക്യങ്ങൾ ഉപേക്ഷിച്ച് പുതിയ നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച് തിരുവാതിര കളിച്ച് നമുക്ക് വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളാകാം. അങ്ങിനെ മുതലാളിത്തത്തിനെതിരെ നമുക്ക് ഒറ്റക്കെട്ടായി ആഞ്ഞടിക്കാം ട്ടെ ട്ടെ ട്ടെ …….. (അടികിട്ടിയോടുന്ന മുതലാളിത്തത്തിന്റെ നിലവിളി ബാക്ക് ഗ്രൗണ്ടിൽ ) എന്നായിരുന്നു ജോയ് മാത്യുവിന്റെ കുറിപ്പ്.
അതേസമയം ജനദ്രോഹ ബജറ്റിനെതിരെ ജനരോഷം ശക്തമാകുകയാണ്. വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം.
Discussion about this post