ന്യൂഡൽഹി: കളത്തിലായാലും കളത്തിന് പുറത്തായാലും പാകിസ്താൻ താരങ്ങളെ പതിവായി നിലം തൊടാതെ പറപ്പിക്കുന്നതിൽ വിദഗ്ധനാണ് മുൻ ഇന്ത്യൻ പേസ് ബൗളർ വെങ്കിടേഷ് പ്രസാദ്. ബംഗലൂരുവിൽ നടന്ന 1996 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ തന്നെ പരിഹസിച്ച പാകിസ്താൻ ഓപ്പണർ ആമിർ സുഹൈലിന്റെ വിക്കറ്റ് തെറിപ്പിച്ച ശേഷം പ്രസാദ് കാണിച്ച ആംഗ്യം ഇന്ത്യൻ ആരാധകർ ഒരിക്കലും മറക്കില്ല. പാകിസ്താൻ ആരാധകരുടെ നെഞ്ച് നീറ്റുന്ന ഓർമ്മയാണ് ആ മത്സരത്തിലെ പ്രസാദിന്റെ ആവേശകരമായ പ്രകടനം.
ഇപ്പോഴിതാ, ഏഷ്യാ കപ്പ് വേദിയുമായി ബന്ധപ്പെട്ട വിവാദത്തിൽ, ഇന്ത്യൻ ടീമിനെയും ബിസിസിഐയെയും ആക്ഷേപിച്ച മുൻ പാക് താരം ജാവേദ് മിയാന്ദാദിന് ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രസാദ്.
2023ലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനിൽ നടത്തില്ലെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ അദ്ധ്യക്ഷൻ ജയ് ഷാ വ്യക്തമാക്കിയിരുന്നു. ടൂർണമെന്റ് പാകിസ്താന് പുറത്ത് നിഷ്പക്ഷ വേദിയിൽ നടത്തും എന്നായിരുന്നു ജയ് ഷായുടെ പ്രഖ്യാപനം. ഇതിനെതിരെ ആയിരുന്നു മിയാന്ദാദിന്റെ ആക്ഷേപകരമായ പരാമർശം.
ഇന്ത്യക്ക് പാകിസ്താനിൽ കളിക്കാൻ ഭയമാണ്. ഇന്ത്യൻ ടീമിനെ വിലക്കുന്നത് അടക്കമുള്ള നടപടികൾക്ക് ഐസിസി ധൈര്യം കാട്ടണം. ഇന്ത്യ പങ്കെടുത്തില്ലെങ്കിലും പാകിസ്താന് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. പാകിസ്താനിൽ വരാൻ തയ്യാറല്ലെങ്കിൽ ഇന്ത്യ ഏത് നരകത്തിലേക്കെങ്കിലും പോകട്ടെ. ഇതായിരുന്നു ഇന്ത്യക്കെതിരായ മിയാന്ദാദിന്റെ വാക്കുകൾ.
ഇതിന് രസകരവും ചിന്തോദീപകവുമായ മറുപടിയാണ് വെങ്കിടേഷ് പ്രസാദ് നൽകിയിരിക്കുന്നത്. ‘നരകത്തിലേക്ക് പോകാൻ പറ്റില്ലെന്നാണ് ഇന്ത്യൻ ടീം പറയുന്നത്‘ എന്നായിരുന്നു പാകിസ്താനെ പരോക്ഷമായി സൂചിപ്പിച്ച് പ്രസാദ് നൽകിയ മറുപടി. പ്രസാദിന്റെ മറുപടി ഇന്ത്യൻ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പാകിസ്താനേക്കാൾ വലിയ നരകം ഇനി വേറെ ഉണ്ടോ എന്ന് സമർത്ഥമായി ചോദിച്ച വെങ്കിടേഷ് പ്രസാദ് ഒരിക്കൽ കൂടി പാകിസ്താൻറ്റെ മിഡിൽ സ്റ്റമ്പ് പിഴുതിരിക്കുകയാണ് എന്നാണ് ഇന്ത്യൻ ആരാധകരുടെ കമന്റുകൾ.








