ന്യൂഡൽഹി: ഇന്ത്യൻ നിർമ്മിത യുദ്ധവിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ ആദ്യമായി ലാൻഡ് ചെയ്ത് ചരിത്രം കുറിച്ച് തേജസ് യുദ്ധവിമാനം. കടലിൽ നടത്തുന്ന പരീക്ഷണങ്ങളുടെ ഭാഗമായിട്ടാണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ്, വിക്രാന്തിന്റെ ഫ്‌ളൈറ്റ് ഡെക്കിൽ ഇറങ്ങിയത്. യുദ്ധവിമാനം വിമാന വാഹിനിക്കപ്പിൽ ഇറക്കുന്നതിന്റെ നിരവധി വെല്ലുവിളികളുണ്ടെന്ന് തേജസിലെ മുൻ ടെസ്റ്റ് പൈലറ്റായ കോമഡോർ ജയദീപ് മൗലങ്കർ(റിട്ട.) പറഞ്ഞു.
” ഒരു ചെറിയ കപ്പലിലേക്ക് യുദ്ധവിമാനം ലാൻഡ് ചെയ്യിക്കുക എന്നത് അങ്ങേയറ്റം ബുദ്ധിമുട്ടേറിയ കാര്യമാണ്. സൂചിയിൽ നൂൽ കയറ്റുന്നത് പോലെയാണ് അത്. കൃത്യമായ സ്ഥലത്ത് ഇറങ്ങുക എന്നതിനാൽ മറ്റ് സമ്മർദ്ദങ്ങൾ ഒന്നും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. കൃത്യമായ വേഗതയിൽ ലക്ഷ്യത്തിൽ നൂലിട തെറ്റാതെ ഇറങ്ങണം. പൈലറ്റ് അതിവേഗത്തിലാണ് വരുന്നത് എന്നതിനാൽ കാഴ്ചയെ മറയ്ക്കുന്ന മറ്റ് ഭാഗങ്ങൾ ഒഴിവാക്കുക എന്നത് ഒരു ശ്രമകരമായ ദൗത്യം തന്നെയാണ്”.
” യുദ്ധവിമാനം മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയിലായിരിക്കും വരുന്നത്. ഡെക്കിന് 90 മീറ്റർ നീളമാണുള്ളത്. അതായത് ഏകദേശം 2.5 സെക്കൻഡിനുള്ളിൽ വിമാനത്തിന്റെ വേഗത 240ൽ നിന്ന് പൂജ്യത്തിലേക്ക് എത്തിക്കാനാണ് പൈലറ്റ് ശ്രമിക്കുന്നത്. അങ്ങേയറ്റം ബുദ്ധിമുട്ടേറിയ കാര്യമാണ് അത്. ടെയ്ൽ ഹുക്കിൽ പിടിച്ചാൽ പിന്നെ നിങ്ങൾ മറ്റെവിടേക്കും പോകുന്നില്ല.
ഫ്‌ളൈറ്റ് ഡെക്കിൽ ലാൻഡ് ചെയ്യുന്ന സമയത്ത് പൈലറ്റുമാർക്കും ധാരാളം ശാരീരിക വെല്ലുവിളികൾ നേരിടേണ്ടി വരുന്നു. അതിവേഗതയിൽ നിന്ന് ഒന്നുമല്ലാത്ത അവസ്ഥയിലേക്ക് സെക്കൻഡിനുള്ളിലാണ് മാറുന്നത്. രണ്ട് മൂന്ന് സെക്കൻഡ് നേരത്തേക്ക് കൈകാലുകളുടെ മേൽ പൈലറ്റിന് നിയന്ത്രണം ലഭിച്ചെന്ന് വരില്ലെന്നും” ജയദീപ് മൗലങ്കർ പറയുന്നു. ഇന്ത്യയുടെ മറ്റൊരു വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ തേജസ് വിമാനം ഇറങ്ങുന്ന പരീക്ഷണം നടത്തിയ ദൗത്യസംഘത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. 2020 ജനുവരിയിലാണ് ഐഎൻഎസ് വിക്രമാദിത്യയിൽ തേജസ് വിജയകരമായി ഇറക്കിയത്.








