ന്യൂഡൽഹി: കുപ്രസിദ്ധമായ ശ്രദ്ധ വൽക്കർ കൊലക്കേസിൽ അന്വേഷണ സംഘം സമർപ്പിച്ച 6,600 പേജുകളുള്ള കുറ്റപത്രം പരിഗണനക്കെടുത്ത് ഡൽഹി കോടതി. കുറ്റപത്രത്തിൽ അഫ്താബ് അഹമ്മദ് പൂനാവാല എന്ന നരാധമന്റെ കൊടുക്രൂരതകൾ അക്കമിട്ട് വിവരിക്കുന്നുണ്ട്.
ലിവിംഗ് ടുഗതർ പാർട്ട്ണർ ആയിരുന്ന ശ്രദ്ധ വൽക്കറെ കൊലപ്പെടുത്തിയ ശേഷം അവരുടെ അസ്ഥികൾ വേർപെടുത്താൻ അഫ്താബ് മാർബിൾ കട്ടർ ഉപയോഗിച്ചു. കൊലകാതകം നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് അഫ്താബ് ശ്രദ്ധയുടെ തല ഉപേക്ഷിച്ചത്. കൊലപാതകം നടത്തിയ മെയ് 18ന് രാത്രി അഫ്താബ് സൊമാറ്റോയിൽ നിന്നും ഓർഡർ ചെയ്ത് വരുത്തിയ ചിക്കൻ റോൾ കഴിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.
ശ്രദ്ധയ്ക്കൊപ്പം താമസിക്കുമ്പോഴും അഫ്താബിന് മറ്റ് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. ഡൽഹി മുതൽ ദുബായ് വരെയുള്ള നിരവധി സ്ത്രീകളുമായി ഇയാൾക്കുള്ള ബന്ധം തെളിയിക്കുന്ന സോഷ്യൽ മീഡിയ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
കൃത്യം നടന്ന മെയ് 18ന് ശ്രദ്ധയും അഫ്താബും മുംബൈയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ അവസാന നിമിഷം അഫ്താബ് ടിക്കറ്റ് കാൻസൽ ചെയ്തു. ശ്രദ്ധ ഇത് ചോദ്യം ചെയ്തു. തുടർന്ന് പണം ആവശ്യപ്പെട്ട് അഫ്താബ് ശ്രദ്ധയുമായി വഴക്കിട്ടു. ഒടുവിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.
പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് മൃതദേഹം ഉപേക്ഷിക്കാനായിരുന്നു അഫ്താബ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി അയാൾ ഒരു വലിയ പ്ലാസ്റ്റിഗ് ബാഗ് വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ, പിടിക്കപ്പെടുമെന്ന് തോന്നിയതിനാൽ തീരുമാനം മാറ്റുകയായിരുന്നു. തുടർന്ന് മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇതിനായി വാളും ചുറ്റികയും മൂന്ന് കത്തികളും വാങ്ങി.
ശ്രദ്ധയുടെ വിരലുകൾ മുറിച്ചെടുക്കാൻ അഫ്താബ് ഗ്യാസ് കട്ടറിന് സമാനമായ ഉപകരണം ഉപയോഗിച്ചു. ഒടുവിൽ മൃതദേഹം 35 കഷണങ്ങളാക്കി ഫ്രിഡ്ജിൽ വെച്ചു. അഫ്താബ് കിടപ്പ് മുറിയിൽ മറ്റ് സ്ത്രീകളുമായി സമയം ചിലവഴിക്കുമ്പോൾ, മൃതദേഹം ഫ്രിഡ്ജിൽ നിന്നും മാറ്റി അടുക്കളയിൽ ഒളിപ്പിക്കുമായിരുന്നുവെന്നും കുറ്റപത്രത്തിൽ വിശദീകരിക്കുന്നു.











