മുവാറ്റുപുഴ: ആൺസുഹൃത്തിന് സ്മാർട്‌ഫോൺ വാങ്ങാനുള്ള പണത്തിനായി വീട്ടമ്മയെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി സ്വർണമാലയും കമ്മലും മോഷ്ടിച്ച പ്ലസ്ടു വിദ്യാർത്ഥിനി പിടിയിൽ. സൗത്ത് പായിപ്ര കോളനിക്ക് സമീപം ജ്യോതിസ് വീട്ടിൽ ജലജയെ(59) ആണ് വിദ്യാർത്ഥിനി തലയ്ക്ക് അടിച്ച് വീഴ്ത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജലജയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയാണ് വീട്ടമ്മയ്ക്ക് നേരെ ആക്രമണമുണ്ടായത്. സംഭവസമയം ജലജ വീടിനുള്ളിൽ ഒറ്റയ്ക്കായിരുന്നു. വീട്ടിൽ എത്തിയ വിദ്യാർത്ഥിനി ജലജയുടെ തലയ്ക്ക് പിന്നിൽ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. മാലയും കമ്മലും മോഷ്ടിച്ച ശേഷം ഇവിടെ നിന്ന് സ്ഥലം വിടുകയും ചെയ്തു.
ഇതിനിടെ പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ ജലജ നാട്ടുകാരോട് പറഞ്ഞിരുന്നു. നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. പോലീസ് വീട്ടിൽ എത്തി വിദ്യാർത്ഥിനിയോട് കാര്യം അന്വേഷിച്ചപ്പോൾ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.












