തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തുടർ ചികിത്സയ്ക്കായി ബംഗളൂരുവിൽ കൊണ്ടുപോകുന്ന കാര്യത്തിൽ ഇന്ന് തീരുമാനം എടുക്കും. ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രമേ എയർ ആംബുലൻസ് വഴി കൊണ്ടുപോകേണ്ടതുള്ളു എന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ.
ശ്വാസതടസവും ചുമയും കുറഞ്ഞെങ്കിലും ന്യുമോണിയ ഭേദമായ ശേഷമാകും ആശുപത്രിയിൽ നിന്ന് മാറ്റുന്നത്. ഉമ്മൻചാണ്ടിയുടെ ആരോഗ്യനില വിലയിരുത്താൻ സർക്കാർ ഇന്നലെ ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദഗ്ധരായ ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി സംബന്ധിച്ച് ഇന്ന് പത്ത് മണിയോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും.
ജർമനിയിലെ ലേസർ സർജറിക്ക് ശേഷം ബംഗളൂരുവിൽ ഡോ. വിശാൽ റാവുവിന്റെ ചികിത്സയിലായിരുന്നു ഉമ്മൻചാണ്ടി. തുടർപരിശോധനയ്ക്ക് ബംഗളൂരുവിലേക്ക് പോകാനിരിക്കെയാണ് പനി ബാധിച്ചത്.












