അങ്കാര: ദുരന്തഭൂമിയായി മാറിയ തുർക്കിയെ വിറപ്പിച്ച് വീണ്ടും ഭൂചലനം. നുർദഗി ജില്ലയിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ തുർക്കിയിൽ ഉണ്ടാകുന്ന നാലാമത്തെ ഭൂചലനമാണ് ഇത്.
റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. നുർദഗിയിൽ നിന്നും 15 കിലോ മീറ്റർ തെക്ക് മാറി 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ജില്ലയുടെ പല ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്. ഭൂചലനത്തിൽ ചില കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ടെന്നാണ് സൂചന.
തിങ്കളാഴ്ചയാണ് തുർക്കിയെ കണ്ണീരിലാഴ്ത്തി വൻ ഭൂചലനം ഉണ്ടായത് . റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ എട്ടായിരത്തോളം പേരാണ് മരിച്ചത്.
Discussion about this post