ലക്‌നൗ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ദമ്പതിമാർ അറസ്റ്റിൽ. ഗുരുഗ്രാമിലാണ് സംഭവം. ന്യൂ കോളനിയിൽ താമസിക്കുന്ന മനീഷ് ഖട്ടാർ, കമൽജിത് കൗർ എന്നിവരാണ് അറസ്റ്റിലായത്. 14 കാരിയായ പെൺകുട്ടിയെ പോലീസ് വീട്ടിൽ നിന്ന് മോചിപ്പിച്ചു. പെൺകുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ട്.
അഞ്ച് മാസം മുൻപാണ് ഒരു പ്ലേസ്‌മെന്റ് ഏജൻസി വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇവർ ജോലിക്കെടുത്തത്. റാഞ്ചി സ്വദേശിയായിരുന്നു പെൺകുട്ടി. ഇവരുടെ മൂന്നര വയസ് പ്രായമുള്ള മകളെ ശുശ്രൂശിക്കാൻ വേണ്ടിയാണ് പെൺകുട്ടിയെ വീട്ടുജോലിക്കെടുത്തത്.
തുടർന്ന് പെൺകുട്ടിയെ നിരന്തരം പീഡിപ്പിക്കുക പതിവായി. ജോലി ചെയ്തില്ലെന്ന് പറഞ്ഞ് ക്രൂരമായി മർദ്ദിക്കുകയും, ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതിന്റെ പാടുകൾ പെൺകുട്ടിയുടെ ശരീരത്തിലുണ്ട്.
പെൺകുട്ടിയെ രാത്രി ഉറങ്ങാൻ ഇവർ അനുവദിച്ചിരുന്നില്ല. ഭക്ഷണവും നൽകാറില്ല. ബാക്കി വന്ന് ചവറ്റുകുട്ടയിൽ എറിയുന്ന ഭക്ഷണമാണ് കുട്ടി കഴിച്ചിരുന്നത്. കുട്ടിയുടെ വായ പൂർണ്ണമായും വീർത്തിരിക്കുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില ഗുരുതരമാണ്. സംഭവത്തിൽ ദമ്പതിമാർക്കെതിരെ പോക്‌സോ ഉൾപ്പെടെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിയെ നൽകിയ പ്ലേസ്‌മെന്റ് ഏജൻസിക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.










