ന്യൂഡൽഹി : യുപിഎ ഭരണകാലം നഷ്ടങ്ങളുടെ കാലമായാണ് അറിയപ്പെടുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2004 മുതൽ 2014 വരെയുള്ള ഭരണകാലം അഴിമതിയുടെയും ഭീകരതയുടെയും ദശാബ്ദമായിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകളുടെ കീഴിൽ നടന്ന പ്രതിരോധ രംഗത്തെ അഴിമതികളെക്കുറിച്ചും പ്രധാനമന്ത്രി ലോക്‌സഭയിൽ സംസാരിച്ചു.
‘2004 മുതൽ 2014 വരെയുള്ള 10 വർഷത്തിലാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ അഴിമതിക്കേസുകൾ ഉണ്ടായത്. ആ ഒരു ദശകത്തിൽ തീവ്രവാദ ശക്തികൾ തലയുയർത്തി നിന്നു. ആ 10 വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് ആഗോള നിലവാരം നഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെ ആ ദശകം നഷ്ടപ്പെടലുകളുടെ കാലം എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു. എല്ലാ അവസരങ്ങളെയും യുപിഎ സർക്കാർ പ്രതിസന്ധിയാക്കി മാറ്റുകയാണ് ചെയ്തിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. ഇത് ഇന്ത്യയുടെ കാലഘട്ടമാണ്. ഇന്ന് എല്ലാ മേഖലകളിലും പ്രതീക്ഷയുണ്ട്. ഇന്ത്യയിലിപ്പോൾ സുസ്ഥിരമായ സർക്കാരാണ് ഉള്ളതെന്നും, നിർബന്ധം കൊണ്ടല്ല മറിച്ച് സ്വബോധത്തോടെയാണ് പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. നൂറ് വർഷത്തിലൊരിക്കൽ മാത്രം ഉണ്ടാകുന്ന മഹാമാരി ബാധിച്ചപ്പോഴും ലോകം ഇന്ത്യയെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയായിരുന്നു.
ഇന്ന് ഇന്ത്യ ഒരു ഉത്പാദന കേന്ദ്രമായി വളർന്നു വരികയാണ്. ഭാരതത്തിന്റെ വളർച്ചയിലാണ് ലോകം ഇപ്പോൾ അതിന്റെ അഭിവൃദ്ധി കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇന്നും ചിലർ രാജ്യത്തിന്റെ വളർച്ച അംഗീകരിക്കാൻ തയ്യാറായിട്ടില്ല. 140 കോടി ജനങ്ങളുടെ നേട്ടങ്ങൾ അംഗീകരിക്കാൻ അവർക്ക് താത്പര്യമില്ലെന്നും പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
Discussion about this post