അഹമ്മദാബാദ്: ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസിനെ വെടിവെച്ച് കൊലപ്പെടുത്തിയ പോലീസുകാരനായ ഗോപാൽ ദാസിന് നാർക്കോ അനാലിസിസ്, പോളിഗ്രാഫ് പരിശോധനകൾ നടത്തും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇയാളെ സർവീസിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. കേസ് പരിഗണിക്കുന്ന കോടതി ഇയാളുടെ റിമാൻഡ് കാലാവധി ഈ മാസം 13 വരെ നീട്ടിയിട്ടുണ്ട്.
തുടർന്നാണ് നുണപരിശോധന നടത്താനുള്ള അനുമതിയും കോടതി നൽകിയത്. അമിതസമ്മർദ്ദത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്നും, ഇതിന്റെ സ്വാധീനഫലമായാണ് വെടിവച്ചത് തുടങ്ങിയ കാര്യങ്ങൾ ഇയാൾ ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തുകയാണ് ലക്ഷ്യം. ഗുജറാത്തിലെ ഗാന്ധിനഗറിലെത്തിച്ചാണ് പരിശോധനകൾ നടത്തുന്നത്.
നേരത്തെ ഡൽഹിയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലും ഗോപാൽ ദാസിനെ വിവിധ പരിശോധനകൾക്ക് വിധേയനാക്കിയിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ഒഡീഷ ഡിജിപി എസ് കെ ബൻസാൽ, അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജെ പി ദാസ് എന്നിവർ മന്ത്രിയെ വെടിവെച്ചുകൊലപ്പെടുത്തിയ ഗാന്ധി ചൗക്ക് മേഖല സന്ദർശിച്ചിരുന്നു. കുറ്റകൃത്യം പുനസൃഷ്ടിച്ചും സംഘം പരിശോധന നടത്തി. അന്വേഷണം ശരിയായ ദിശയിലാണെന്നും വൈകാതെ പൂർത്തിയാകുമെന്നും ജസ്റ്റിസ് ദാസ് പറഞ്ഞു.









