തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാരിനെ താന്‍ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. രാജി വയ്ക്കുകയുമില്ല, അപ്പീല്‍ പോകുകയുമില്ല എന്ന ആണും പെണ്ണും കെട്ട സമീപനമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ചിരിക്കുന്നതെന്നും വി.എസ് പറഞ്ഞു.
എന്ത് അപമാനം സഹിച്ചും ഭരണത്തില്‍ തുടരുമെന്ന് പരസ്യമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. ബാര്‍ കോഴ കേസിലെ വിജിലന്‍സ് കോടതി വിധി തെറ്റായി വ്യാഖ്യാനിച്ച് പുകമറ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് വേണ്ടിയുള്ള കള്ളപ്രചരണത്തിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മാണിയും മത്സരിക്കുകയാണെന്നും വി.എസ് പറഞ്ഞു.
മാണിയുടെ കാര്യം ജനകീയ കോടതി തീരുമാനിക്കട്ടെ എന്നാണ് കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരന് പറഞ്ഞത്. തൊണ്ടിമുതലോടെ കള്ളനെ പിടിച്ചാല്‍ നാട്ടുകാര്‍ എന്താണ് ചെയ്യുന്നതെന്ന് നന്നായി അറിയാവുന്ന ആളാണല്ലോ സുധീരന് എന്നും വി.എസ് പരിഹസിച്ചു.
മുഖ്യമന്ത്രിയുടെയും കെ എം മാണിയുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിജിലന്‍സ് ഡയറക്ടര്‍ പ്രവര്‍ത്തിച്ചത്. വിജിലന്‍സ് പ്രവര്‍ത്തിക്കേണ്ടത് സി.ആര്.പി.സിയും വിജിലന്‍സ് മാനുവലും അനുസരിച്ചാണ്. ഇതിന് വിപരീതമായി സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം വിന്‍സണ്‍ എം.പോള്‍ പ്രവര്‍ത്തിച്ചതു കൊണ്ടാണ് കോടതി അദ്ദേഹത്തെ നിശിതമായി വിമര്‍ശിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post