മലപ്പുറം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. വണ്ടൂർ തച്ചുണ്ണിക്കുന്ന് സ്വദേശി കുന്നുമ്മൽ ഹൗസിൽ സവാഫി (29) ആണ് പിടിയിലായത്. മലപ്പുറം വണ്ടൂരിലാണ് സംഭവം. കുട്ടിയെ സ്‌കൂളിലെ ശുചിമുറിയുടെ പിൻവഴത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയാണ് ലൈംഗികമായി ഉപദ്രവിച്ചത്.
അഞ്ചാം ക്ലാസുകാരി സ്‌കൂളിലെ ശുചിമുറിയിൽനിന്നും പുറത്തിറങ്ങിയ സമയം സവാഫി കുട്ടിയെ മൂത്രപ്പുരയുടെ പിൻവശത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
സംഭവത്തിന് പിന്നാലെ മാനസികമായി തകർന്ന കുട്ടി രണ്ട് ദിവസം സ്‌കൂളിൽ പോയിരുന്നില്ല. പിന്നീട് സ്‌കൂളിലെത്തിയ കുട്ടിയോട് അദ്ധ്യാപിക സ്‌നേഹത്തോടെ കാര്യമന്വേഷിച്ചപ്പോഴാണ് അദ്ധ്യാപകന്റെ മുഖംമൂടി അഴിഞ്ഞു വീണത്.
ഹെഡ്മാസ്റ്ററുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്. പോലീസ് കേസെടുത്ത വിവരമറിഞ്ഞതോടെ പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സി ഐ ഗോപകുമാറിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.
Discussion about this post