മാണ്ഡ്യ: വധുവിനെ കണ്ടെത്താൻ പാടുപെടുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് വലിയൊരു മാർച്ച് നടത്താനൊരുങ്ങുകയാണ്. കർണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം. ‘ബ്രഹ്മചാരിഗല പദയാത്ര’ എന്ന പേരിലാണ് ഒരു കൂട്ടം യുവാക്കൾ ചേർന്ന് ബാച്ചിലേഴ്‌സ് മാർച്ച് നടത്താനൊരുങ്ങുന്നത്. മാണ്ഡ്യയിൽ നിന്ന് ചാമരാജനഗർ ജില്ലയിലുള്ള മാലെ മഹാദേവേശ്വര ഹിൽസ് ക്ഷേത്രത്തിലേക്കാണ് മാർച്ച്.
വിവാഹം കഴിക്കാൻ പറ്റിയ ആളെ കണ്ടെത്താൻ ദൈവത്തിന്റെ അനുഗ്രഹം കൂട്ടായി തേടുക എന്നതാണ് മാർച്ചിലൂടെ ലക്ഷ്യമിടുന്നത്. കർണാടകയിലെ മാണ്ഡ്യയിലെ പുരുഷന്മാർക്ക് പ്രത്യേകിച്ച് കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പെൺകുട്ടികളെ കിട്ടാനില്ലാത്ത സാഹചര്യമാണ്. ആൺ-പെൺ അനുപാതത്തിലുള്ള വ്യത്യാസവും ഇതിലൊരു ഘടകമാണ്. മാണ്ഡ്യയിൽ ധാരാളം പെൺഭ്രൂണഹത്യകൾ നടന്നിട്ടുണ്ടെന്നും, അതിനുള്ള വിലയാണ് ഇപ്പോഴത്തെ യുവാക്കൾ നൽകുന്നതെന്നും ഒരു വനിതാ കർഷക നേതാവ് പറഞ്ഞു.
ഫെബ്രുവരി 23നാണ് മാണ്ഡ്യയ്ക്ക് തൊട്ടടുത്തുള്ള ചാമരാജനഗർ ജില്ലയിലെ എംഎം ഹിൽസ് ക്ഷേത്രത്തിലേക്ക് പദയാത്ര നടക്കുന്നത്. മൂന്ന് ദിവസം കൊണ്ട് 105 കിലോമീറ്റർ ദൂരം നടന്ന് 25ാം തിയതിയാണ് എംഎം ഹിൽസിൽ യാത്ര എത്തുന്നത്. 30 വയസ്സിന് മുകളിലുള്ള അവിവാഹിതരായ 200ഓളം യുവാക്കൾ ഈ മാർച്ചിൽ പങ്കെടുക്കും. നിലവിൽ 100ഓളം അവിവാഹിതർ യാത്രയ്ക്ക് വേണ്ടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാണ്ഡ്യയ്ക്ക് പുറമെ ബംഗളൂരു, മൈസൂരു, ശിവമോഗ ജില്ലകളിൽ നിന്നുള്ളവരും മാർച്ചിൽ പങ്കെടുക്കാൻ വേണ്ടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണവും താമസ സൗകര്യവുമെല്ലാം സംഘാടകർ ഒരുക്കി നൽകും.
Discussion about this post