തിരുവനന്തപുരം: കേരള തീരത്ത് തിങ്കളാഴ്ച ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യത. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. തീരദേശങ്ങളിൽ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 11.30 മുതൽ വ്യാഴാഴ്ച രാത്രി 8.30 വരെയാണ് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുള്ളത്. 1.5 മുതൽ 2.0 മീറ്റർവരെ ഉയർന്ന തിരമാലകൾക്കാണ് സാദ്ധ്യത. ഇതിന് പുറമേ കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്. അതിനാൽ മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കേണ്ടതാണ്. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Discussion about this post