ബംഗളൂരു: ഒരു നിമിഷം പോലും പാഴാക്കാതെ കർമ്മനിരതനായി പ്രധാനമന്ത്രി നരേന്ദ്രമോദി. 90 മണിക്കൂർ കൊണ്ട് വിവിധ സംസ്ഥാനങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി സഞ്ചരിക്കുന്നത് 10,800 കിലോമീറ്റർ ദൂരം. പത്താം തീയതി ആരംഭിച്ച യാത്രയിൽ, ഡൽഹി, ത്രിപുര, രാജസ്ഥാൻ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി ആകെ 10 പൊതുപരിപാടികളിലാണ് അദ്ദേഹം രാവും പകലും നോക്കാതെ പങ്കെടുക്കുന്നത്.
നാല് ദിവസം നീളുന്ന പ്രധാനമന്ത്രിയുടെ യാത്രാ പരിപാടിയുടെ അവസാന ദിനമാണ് ഇന്ന്.
3350 കിലോമീറ്ററാണ് ഈ ദിവസം മാത്രം സഞ്ചരിക്കുന്നത്. ഇന്ന് രാവിലെ ബംഗളൂരുവിൽ വച്ച് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ എയ്‌റോ ഇന്ത്യ ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. ഈ പരിപാടിക്ക് ശേഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ അദ്ദേഹം എത്തും. അഗർത്തലയിലാണ് പ്രധാനമന്ത്രി റാലി നടത്തുക. ശനിയാഴ്ച സംസ്ഥാനത്തെ ബിജെപിയുടെ രണ്ട് റാലികളിൽ നരേന്ദ്രമോദി പങ്കെടുത്തിരുന്നു.
വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രിയുടെ നാല് ദിന യാത്ര ആരംഭിച്ചത്. അന്ന് ദേശീയ തലസ്ഥാനത്ത് നിന്ന് ലക്‌നൗവിലെത്തിയ പ്രധാനമന്ത്രി ഉത്തർപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഉദ്ഘാടനത്തിൽ പങ്കെടുത്തു. തുടർന്ന് അദ്ദേഹം മുംബൈയിലേക്ക് പറന്നു. അവിടെ കുരാർ, മലാഡ് എന്നിവിടങ്ങളിലെ 2 വെഹിക്കിൾ അണ്ടർപാസുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തുടർന്ന് മഹാരാഷ്ട്രയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾക്ക് വലിയ ഉത്തേജനം നൽകികൊണ്ട് അവിടവുമായി ബന്ധിപ്പിക്കുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.
മുംബൈയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്ന പദ്ധതികളായ സാന്താക്രൂസ് ചെമ്പൂർ ലിങ്ക് റോഡും കുരാർ അടിപാതയും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചിരുന്നു.പിന്നാലെ മുംബൈയിലെ അൽജാമിയ-തുസ്-സൈഫിയയുടെ പുതിയ ക്യാംപസ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.








