ന്യൂഡൽഹി:ഏത് സംസ്ഥാനത്തെയും കേന്ദ്രസർക്കാരിന് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാമെന്ന് സുപ്രീംകോടതി. കേന്ദ്രഭരണ പ്രദേശമാക്കിയ ജമ്മു കശ്മീരിലെ മണ്ഡല പുന:ക്രമീകരണത്തിനായി കമ്മീഷൻ രൂപീകരിച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണായക പരാമർശം. കമ്മീഷൻ രൂപീകരിച്ച നടപടി കോടതി ശരിവച്ചു.
പാർലമെന്റ് പാസ്സാക്കുന്ന നിയമത്തിലൂടെ ഏത് സംസ്ഥാനത്തെ വേണമെങ്കിലും കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാം. ഇതിന് ഭരണഘടന അനുമതി നൽകുന്നുണ്ട്. ഭരണഘനയുടെ മൂന്ന്, നാല് വകുപ്പകളാണ് ഇത് അനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ്.ഓക്ക എന്നിവരുടെ ബെഞ്ച് ആയിരുന്നു ഹർജി പരിഗണിച്ചത്. ശ്രീനഗർ സ്വദേശികളായ ഹാജി അബ്ദുൾ ഗനി ഖാൻ, ഡോ. മുഹമ്മദ് അയൂബ് മട്ടുവുമാണ് ഹർജി നൽകിയത്.
നിലവിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിൽ ഉണ്ട്. ഇതിനിടെയാണ് കമ്മീഷൻ രൂപീകരിച്ച നടപടിയെ കോടതി അംഗീകരിച്ചിരിക്കുന്നത്.
Discussion about this post