ജോധ-അക്ബർ പ്രണയം വെറും കെട്ടുകഥ? ചരിത്രപുസ്തകങ്ങൾ മറച്ചുവെച്ച ആ സത്യം പുറത്തേക്ക്! സിനിമകളിലും സീരിയലുകളിലും കണ്ടതല്ല യാഥാർത്ഥ്യം; ആരായിരുന്നു അക്ബറിന്റെ ആ രജപുത്ര രാജ്ഞി? ചരിത്രകാരന്മാർ നൽകുന്ന ഞെട്ടിക്കുന്ന തെളിവുകൾ ഇതാ!
ഇന്ത്യൻ സിനിമയും മിനിസ്‌ക്രീനും ഒരുപോലെ ആഘോഷിച്ച ഒന്നാണ് അക്ബർ ചക്രവർത്തിയുടെയും ജോധബായ് എന്ന രജപുത്ര രാജകുമാരിയുടെയും പ്രണയം. പൃഥ്വിരാജ് കപൂർ അനശ്വരമാക്കിയ ‘മുഗൾ-ഇ-ആസം’ മുതൽ ഋതിക് റോഷനും ഐശ്വര്യ റായും തകർത്തഭിനയിച്ച അശുതോഷ് ഗോവാരിക്കറുടെ ‘ജോധ അക്ബർ’ വരെ ഈ പ്രണയകഥയെ വെള്ളിത്തിരയിൽ അനശ്വരമാക്കി. എന്നാൽ ഈ പാടിപ്പുകഴ്ത്തിയ അക്ബർ-ജോധ പ്രണയകാവ്യം ചരിത്രത്തിന്റെ ഏടുകളിൽ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ലെന്ന സത്യം ചർച്ചയാകുന്നു.
മുഗൾ ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റിദ്ധാരണകളിലൊന്നാണ് ‘ജോധബായ്’ എന്ന പേര്. ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ അക്ബറിന് ജോധബായ് എന്ന പേരിൽ ഒരു ഭാര്യ ഉണ്ടായിരുന്നില്ല. 1562-ൽ അക്ബർ ഒരു രജപുത്ര രാജകുമാരിയെ വിവാഹം കഴിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഒരു സഖ്യമായിരുന്നുവെന്നും അത് ഒരിക്കലും സിനിമകളിൽ കാണുന്നതുപോലെയുള്ള ഒരു പ്രണയവിവാഹമായിരുന്നില്ലെന്നും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. അക്ബറിന്റെ ആത്മകഥയായ ‘അക്ബർ നാമ’യിലോ അക്കാലത്തെ മറ്റ് പേർഷ്യൻ രേഖകളിലോ ജോധബായ് എന്ന പേര് പരാമർശിച്ചിട്ടുപോലുമില്ല എന്നതാണ് വസ്തുത.
യഥാർത്ഥത്തിൽ ജയ്പൂരിനടുത്തുള്ള ആമീറിലെ രാജാവായ ഭർമലിന്റെ മകളായ ഹർഖാ ബായിയെയാണ് അക്ബർ വിവാഹം കഴിച്ചത്. ജഹാംഗീറിന് ജന്മം നൽകിയതോടെ അവർക്ക് ‘മറിയം-ഉസ്-സമാനി’ (കാലഘട്ടത്തിലെ മേരി) എന്ന പദവി ലഭിച്ചു.. അക്ബറിന്റെ മകനും അടുത്ത ചക്രവർത്തിയുമായ ജഹാംഗീറിന്റെ അമ്മയായിരുന്നു ഇവർ. ചരിത്രത്തിൽ ജോധബായ് എന്ന പേര് യഥാർത്ഥത്തിൽ വരുന്നത് അക്ബറിന്റെ മകനായ ജഹാംഗീറിന്റെ ഭാര്യയായ ജഗത് ഗോസെയ്‌നിനെ വിശേഷിപ്പിക്കാനാണ്. ജോധ്പൂർ രാജകുമാരി ആയതിനാലാണ് അവരെ ജോധബായ് എന്ന് വിളിച്ചിരുന്നത്. അതായത് അക്ബറിന്റെ മരുമകളെയാണ് പിൽക്കാലത്ത് കഥകളിലൂടെയും സിനിമകളിലൂടെയും അക്ബറിന്റെ കാമുകിയാക്കി മാറ്റിയത്. 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ചരിത്രകാരനായ ജെയിംസ് ടോഡ് രചിച്ച പുസ്തകങ്ങളിലെ തെറ്റായ വിവരങ്ങളാണ് ഈ ചരിത്രപരമായ പിശകിന് തുടക്കമിട്ടതെന്ന് കരുതപ്പെടുന്നു.
അക്ബർ തന്റെ രജപുത്ര ഭാര്യയെ കൊട്ടാരത്തിനുള്ളിൽ ക്ഷേത്രം നിർമ്മിക്കാനും ഹൈന്ദവ ആചാരങ്ങൾ പിന്തുടരാനും അനുവദിച്ചിരുന്നു എന്നത് സത്യമാണ്. എന്നാൽ ഇത് പ്രണയം കൊണ്ടല്ല, മറിച്ച് മുഗൾ സാമ്രാജ്യത്തിന്റെ അടിത്തറ ഭദ്രമാക്കാനായി രജപുത്രരുമായി ഉണ്ടാക്കിയ രാഷ്ട്രീയ ഒത്തുതീർപ്പിന്റെ ഭാഗമായിരുന്നു. മറിയം-ഉസ്-സമാനി വെറുമൊരു അന്തപ്പുര സുന്ദരി മാത്രമായിരുന്നില്ല, മറിച്ച് മുഗൾ സാമ്രാജ്യത്തിലെ വാണിജ്യ കപ്പലുകളുടെ ഉടമയും വൻതോതിൽ വ്യാപാരം നടത്തിയിരുന്ന കരുത്തുറ്റ ഭരണാധികാരിയും കൂടിയായിരുന്നു.
ചരിത്രത്തിലെ സ്ത്രീകളെ വെറും പ്രണയകഥകളിലെ കഥാപാത്രങ്ങളായി ഒതുക്കുന്നതിന് പകരം അവർ വഹിച്ച രാഷ്ട്രീയ-സാമ്പത്തിക പങ്കിനെ കുറിച്ച് സംസാരിക്കേണ്ട സമയമായിരിക്കുന്നു. ജോധബായ് എന്ന മിഥ്യയെ പൊളിച്ചെഴുതുമ്പോൾ മാത്രമാണ് മറിയം-ഉസ്-സമാനി എന്ന പോരാളിയായ സ്ത്രീക്ക് അർഹമായ ചരിത്രപരമായ അംഗീകാരം ലഭിക്കുന്നത്. സിനിമാ ഗ്ലാമറുകൾക്ക് അപ്പുറം കഠിനമായ യാഥാർത്ഥ്യങ്ങളിലൂടെ സാമ്രാജ്യത്തെ സ്വാധീനിച്ച ആ രജപുത്ര രാജകുമാരിയെ ചരിത്രം ഇന്ന് ശരിയായി വിലയിരുത്തുകയാണ്.








