ജമ്മു കശ്മീരിൽ ഭീകരവേട്ട ശക്തമാക്കിയ ഇന്ത്യൻ സുരക്ഷാസേനയെ പേടിച്ച് ജയ്ഷെ മുഹമ്മദ് കമാൻഡർ സൈഫുല്ല വേഷം മാറുന്നു. പിടികൊടുക്കാതിരിക്കാൻ തന്റെ പ്രധാന അടയാളമായ താടി വടിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്ത സൈഫുല്ലയുടെ പുതിയ രൂപം സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. സ്ത്രീകളുടെ വസ്ത്രങ്ങളും ബുർഖയും ധരിച്ച് വേഷം മാറി രക്ഷപ്പെടാനാണ് ഇയാൾ ഇപ്പോൾ ശ്രമിക്കുന്നതെന്ന് ഡോഡ എസ്എസ്പി സന്ദീപ് മെഹ്ത വെളിപ്പെടുത്തി. ഭീകരന്റെ മാറിയ രണ്ട് വ്യത്യസ്ത രൂപങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്ററുകൾ സുരക്ഷാസേന കശ്മീരിൽ ഉടനീളം പതിച്ചു കഴിഞ്ഞു.
അത്യന്തം അപകടകരമായ നീക്കമാണ് സൈഫുല്ല ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഗ്രാമീണരുടെ വിശ്വാസം മുതലെടുത്ത് ഒരു ‘ആത്മീയ ഗുരു’ ചമഞ്ഞ് ഒളിത്താവളങ്ങൾ കണ്ടെത്താനാണ് ഇയാളുടെ ശ്രമം. ചിലയിടങ്ങളിൽ ഇയാൾ മതപുരോഹിതന്റെ പരിവേഷം ഉണ്ടാക്കിയെടുത്തതായും ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡോഡ, കിഷ്ത്വാർ മേഖലകളിലെ ദുർഘടമായ മലനിരകളിൽ കഴിഞ്ഞ രണ്ട് മാസമായി സൈഫുല്ലയ്ക്കായുള്ള വേട്ട തുടരുകയാണ്. ഇയാളുടെ കൂട്ടാളിയായ പാക് ഭീകരൻ ആദിൽ കഴിഞ്ഞദിവസം സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് സൈഫുല്ലയ്ക്ക് കനത്ത ആഘാതമായിട്ടുണ്ട്.
ജനുവരി 19-ന് കിഷ്ത്വാറിലെ 12,000 അടി ഉയരമുള്ള മലനിരകളിൽ സൈഫുല്ല ഉപയോഗിച്ചിരുന്ന അത്യാധുനിക ഒളിത്താവളം സൈന്യം തകർത്തിരുന്നു. കാർഗിൽ യുദ്ധകാലത്തെ ബങ്കറുകളുടെ മാതൃകയിൽ നിർമ്മിച്ച ഈ ഒളിത്താവളത്തിൽ നിന്ന് ശൈത്യകാലത്തേക്ക് കരുതിവെച്ച റേഷൻ അടക്കമുള്ളവ സേന പിടിച്ചെടുത്തു. ഇതോടെ ഭക്ഷണത്തിനും സുരക്ഷിത താവളത്തിനുമായി സൈഫുല്ല നെട്ടോട്ടമോടുകയാണ്. പുറത്തിറങ്ങിയാൽ സൈന്യത്തിന്റെ വെടിയുണ്ടകൾക്ക് ഇരയാകുമെന്ന് ഭയന്നാണ് ഇയാൾ വേഷപ്രച്ഛന്നനായി രക്ഷപ്പെടാൻ ശ്രമിക്കുന്നത്. അതിർത്തി കടന്നെത്തിയ ഈ ഭീകരനെ ജീവനോടെയോ അല്ലാതെയോ പിടികൂടാൻ സൈന്യം തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.









