ന്യൂഡൽഹി : ദേശീയ തലസ്ഥാനത്തെ ഭാരത് മണ്ഡപത്തിൽ ഇന്ത്യ എഐ ഇംപാക്ട് എക്സ്പോ 2026 പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ചു. ഫെബ്രുവരി 16 മുതൽ 20 വരെ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയുടെ ഭാഗമായാണ് എക്സ്പോ നടക്കുന്നത്. കൃത്രിമബുദ്ധിയുടെ ദേശീയ പ്രദർശനമാണ് 70,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള 10 വേദികളിലായി ഒരുക്കിയിരിക്കുന്നത്. 13 രാജ്യങ്ങളിൽ നിന്നുള്ള 300-ലധികം പവലിയനുകൾ ആണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുന്നത്.
ആഗോള സാങ്കേതിക കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവർ എക്സ്പോയിൽ പങ്കെടുക്കും. ഗ്ലോബൽ സൗത്തിൽ വെച്ച് നടക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര AI ഉച്ചകോടിക്കാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ഉദ്ഘാടന ശേഷം പ്രധാനമന്ത്രി മോദി സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, സാങ്കേതിക വിദഗ്ധർ എന്നിവരുമായി സംവദിക്കുകയും പുതിയ AI അധിഷ്ഠിത പരിഹാരങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു.
ഓസ്‌ട്രേലിയ, ജപ്പാൻ, റഷ്യ, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമ്മനി എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പവലിയനുകൾ എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്. ഉച്ചകോടിയിൽ 500-ലധികം സെഷനുകളും 3,250 പ്രഭാഷകരും പങ്കെടുക്കും. പീപ്പിൾ, പ്ലാനറ്റ്, പ്രോഗ്രസ് എന്നിങ്ങനെ മൂന്ന് തീമുകളായാണ് പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. 2.5 ലക്ഷത്തിലധികം സന്ദർശകർ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.








