കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ. ആലപ്പുഴ മാന്നാർ സ്വദേശിയായ സാബു (52) ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. ഇടുക്കിയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരിയായ തങ്കമണി സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്. പെരുമ്പാവൂരിൽ നിന്നാണ് പ്രതി ബസിൽ കയറിയതെന്നാണ് പ്രാഥമിക വിവരം. യാത്രയ്ക്കിടെ ഇയാൾ മനഃപൂർവം യുവതിയുടെ ദേഹത്ത് കൈമുട്ടുകൊണ്ട് സ്പർശിക്കുകയും തുടർന്ന് സ്വന്തം വസ്ത്രം നീക്കി നഗ്നത പ്രദർശിപ്പിക്കുകയുമായിരുന്നുവെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു.
പ്രതിയുടെ മോശമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട ഉടനെ യുവതി ബസ് ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. കണ്ടക്ടറും ഡ്രൈവറും മറ്റ് യാത്രക്കാരും ചേർന്ന് പ്രതിയെ തടഞ്ഞുവെച്ചു. തുടർന്ന് ബസ് നേരെ പാലാരിവട്ടം പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. യുവതിയുടെ പരാതിയിൽ പോലീസ് ഉടൻ തന്നെ സാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ലൈംഗികാതിക്രമം നടത്തിയതിനും ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
പ്രതി മുൻപും ഇത്തരം കൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, സധൈര്യം പ്രതികരിച്ച യുവതിയെയും സഹായത്തിനെത്തിയ ബസ് ജീവനക്കാരെയും പോലീസ് അഭിനന്ദിച്ചു.











