ജയ്പൂർ : ബിജെപി നേതാവ് ബാപുലാൽ അഞ്ജനയുടെ മകൻ വികാസ് അഞ്ജനയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. രാജസ്ഥാനിലെ പ്രതാപ്ഗഡിലാണ് സംഭവം. അജയ് പാൽ, കൃഷ്ണ പാൽ എന്നിവരെയാണ് അർനോഡിൽ നിന്ന് പോലീസ് പിടികൂടിയത്. കൊലപാതകത്തിന് കോൺഗ്രസ് നേതാവിന്റെ ബന്ധുവിന് പങ്കുണ്ടെന്നും പോലീസ് കണ്ടെത്തി.
സഹകരണ മന്ത്രി ഉദയ്ലാൽ അഞ്ജനയുടെ അനന്തരവൻ അരവിന്ദ് അഞ്ജനയാണ് കൊലപാതകത്തിന് പ്രതിഫലം നൽകിയത് എന്നാണ് വിവരം. വികാസ് പ്രജാപത് എന്നയാളെ കൊലപ്പെടുത്തിയ കേസിൽ അരവിന്ദ് ഇപ്പോൾ ജയിലിലാണ്. ജയിലിൽ നിന്നാണ് ഇയാൾ ബിജെപി നേതാവിന്റെ മകനെ കൊല്ലാൻ വാടക കൊലയാളികളെ ഏർപ്പാടാക്കിയത്.
ഓഗസ്റ്റ് 30 നും സെപ്റ്റംബർ 6 നും ഇടയിലാണ് ഇയാൾ കേസിലെ പ്രതിയായ അജയ് പാലിനെ ജയിലിൽ വെച്ച് കണ്ടുമുട്ടിയത്. തുടർന്ന് വികാസ് അഞ്ജനയെ കൊന്നാൽ 15 ലക്ഷം നൽകാമെന്ന് വാഗ്ദാനം ചെയ്തു. അജയ് പാൽ പുറത്തിറങ്ങിയതോടെ വികാസ് അഞ്ജനയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയായിരുന്നു.
കൃഷ്ണ പാൽ, സുരേഷ് ജാട്ട്, രമേഷ് എന്നിവരെ കൂട്ടുപിടിച്ചാണ് ഇയാൾ ഗൂഢാലോചന നടത്തിയത്. രണ്ട് തവണ കൊല്ലാൻ ശ്രമിച്ചെങ്കിലും, വികാസ് രക്ഷപ്പെട്ടു. തുടർന്ന് ഫെബ്രുവരി 2 ന് വൈകീട്ട് അക്രമി സംഘം വികാസിനെ വളഞ്ഞു. നടുറോഡിൽ വെച്ചാണ് അക്രമികൾ വികാസിനെ വെടിവെച്ച് കൊന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.
വെടിയേറ്റ് വീണ വികാസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. എട്ട് വെടിയുണ്ടകളാണ് വികാസിന്റെ ശരീരത്തിൽ നിന്ന് കണ്ടെടുത്തത്. വികാസും അരവിന്ദുമായി നേരത്തെ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതാണ് കൊലയ്ക്ക് കാരണമെന്നുമാണ് കണ്ടെത്തൽ.









