വാഷിംഗ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വരാനിരിക്കുന്ന ഡിസംബറിൽ അമേരിക്ക സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. ഡിസംബർ 14, 15 തീയതികളിൽ ഫ്ലോറിഡയിൽ വെച്ച് നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കടുക്കുന്നതിനായാണ് പ്രധാനമന്ത്രി യുഎസിലേക്ക് തിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഫ്ലോറിഡയിലെ ട്രംപ് നാഷണൽ ഡോറൽ മിയാമി റിസോർട്ടാണ് ഈ വർഷത്തെ ഉച്ചകോടിക്ക് വേദിയാകുന്നത്. ഉച്ചകോടിക്ക് മുന്നോടിയായോ അതോടൊപ്പം നടക്കുന്ന അനുബന്ധ ചർച്ചകളിലോ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ട്രംപും തമ്മിൽ നിർണായകമായ ഉഭയകക്ഷി കൂടിക്കാഴ്ചയും നടന്നേക്കും.
രണ്ടാം ട്രംപ് ഭരണകൂടത്തിന് കീഴിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധങ്ങളിൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്ന വേളയിലാണ് ഈ സാധ്യതയേറിയ സന്ദർശനം ഉറ്റുനോക്കപ്പെടുന്നത്. റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ വാങ്ങുന്നതിനെ തുടർന്ന് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ 100 ശതമാനം നികുതി (താരിഫ്) ചുമത്തുമെന്ന ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പും ഭീഷണികളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വലിയ രാഷ്ട്രീയ-നയതന്ത്ര പ്രാധാന്യമാണുള്ളത്. വ്യാപാരം, പ്രതിരോധം, സാങ്കേതിക സഹകരണം തുടങ്ങിയ വിഷയങ്ങളിലെ തർക്കങ്ങൾ പരിഹരിക്കാൻ ഈ ഉഭയകക്ഷി ചർച്ച കളമൊരുക്കുമെന്നാണ് നയതന്ത്ര വിദഗ്ദ്ധരുടെ വിലയിരുത്തൽ.
ഉച്ചകോടിയുടെ ഭാഗമായി ക്വാഡ് (Quad) രാജ്യങ്ങളിലെ നേതാക്കളുടെ പ്രത്യേക കൂടിക്കാഴ്ച നടക്കാനും സാധ്യതയുണ്ട്. ജി20 ഉച്ചകോടിയും ട്രംപുമായുള്ള കൂടിക്കാഴ്ചയും പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി മോദി കാനഡ സന്ദർശിച്ചേക്കുമെന്നും വിവരമുണ്ട്. നയതന്ത്രപരമായ മുൻകരുതലുകളുടെ ഭാഗമായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രഖ്യാപനങ്ങൾ സന്ദർശന തീയതികളോട് അടുത്തായിരിക്കും നടത്തുക എങ്കിലും, ഉച്ചകോടിയുമായി ബന്ധപ്പെട്ട പ്രാഥമിക തയ്യാറെടുപ്പുകൾ ഇരുരാജ്യങ്ങളിലും ആരംഭിച്ചുകഴിഞ്ഞു.









