ലണ്ടൻ: അഞ്ച് വർഷം മുൻപ് തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങി ലോകശ്രദ്ധ നേടിയ വൈൽഡ് ബോർസ് ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ ദുവാങ്‌പെച്ച് പ്രോംതെപ് അന്തരിച്ചു. 17 വയസ്സായിരുന്നു. ബ്രിട്ടനിൽ ലെസ്റ്റർഷയറിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഇവിടത്തെ ബ്രൂക്ക് ഹൗസ് കോളേജ് ഫുട്ബോൾ അക്കാദമിയിൽ വിദ്യാർത്ഥിയായിരുന്നു പ്രോംതെപ്. താമസസ്ഥലത്ത് അബോധാവസ്ഥയിൽ പ്രോംതെപിനെ കണ്ടെത്തുകയായിരുന്നു.
ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് പരിക്കേറ്റിരുന്നുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രോംതെപ് ബ്രൂക്ക് ഹൗസ് കോളേജ് ഫുട്ബോൾ അക്കാദമിയിൽ പഠിക്കാനായി എത്തുന്നത്.
2018 ജൂണിലാണ് പരിശീലനം കഴിഞ്ഞ് മടങ്ങുന്ന വഴി 12 സ്‌കൂൾ വിദ്യാർത്ഥികളും പരിശീലകനും താം ലുവാങ് ഗുഹയിൽ കയറിയത്. ഗുഹയിൽ പെട്ടന്ന് വെള്ളം നിറഞ്ഞതോടെ ഇവർക്ക് രക്ഷപെടാൻ സാധിക്കാതെ വരികയായിരുന്നു. ഈ വാർത്ത അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.











Discussion about this post