കൊച്ചി: ഒരു കുട്ടിയുടെ പാദം നേരെയിരിക്കുന്നതിനു പകരം അകത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയാണ് ക്ലബ് ഫൂട്ട് അഥവാ വക്രപാദം. പോളിയോ ആണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥയാണിത്.
ഇന്ത്യൻ കുട്ടികളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ജന്മവൈകല്യങ്ങളിലൊന്നാണിത്. ഓരോ വർഷവും രാജ്യത്ത് 50,000 കുട്ടികളെങ്കിലും ഈ വൈകല്യത്തോടെ ജനിക്കുന്നു എന്നാണ് കണക്കാക്കുന്നത്.
അറിവില്ലായ്മയും നേരത്തെ കണ്ടെത്താൻ കഴിയാത്തതും കാരണം, ഇത് ചികിത്സിക്കപ്പെടാതെ പോകുകയാണ്. ഗ്രാമപ്രദേശങ്ങളിൽ, പലപ്പോഴും, ഈ വൈകല്യം കുട്ടികളെ സ്കൂൾ പഠനം അവസാനിപ്പിക്കാൻ വരെ പ്രേരിപ്പിക്കുന്നതായി അനുഭവങ്ങൾ വെളിപ്പെടുത്തുന്നു. ചിലയിടങ്ങളിൽ ഇതിനെ ചുരുട്ടുകാൽ എന്നും വിളിക്കുന്നു.
ക്ലബ്ഫൂട്ട് ശാശ്വതമായി ഭേദമാക്കാൻ താങ്ങാനാവുന്നതും ഫലപ്രദവുമായ ശസ്ത്രക്രിയേതര ചികിത്സകൾ ലഭ്യമാക്കുന്നതിനായി, ഡോ. മാത്യു വർഗീസും ഡോ. സന്തോഷ് ജോർജും ചേർന്ന് 2009-ൽ സ്ഥാപിച്ചതാണ് ക്യൂർ ഇൻറർനാഷണൽ ഇന്ത്യാ ട്രസ്റ്റ് (CURE India). സീരിയൽ കാസ്റ്റിംഗ്, ഫൂട്ട് അബ്ഡക്ഷൻ ബ്രേസ് എന്നറിയപ്പെടുന്ന പ്രത്യേക ഷൂസ് ഉപയോഗിച്ച് ദീർഘകാല നിരീക്ഷണം എന്നിവ ഉൾപ്പെടുന്ന പോൺസെറ്റി രീതി പോലുള്ള നടപടിക്രമങ്ങൾ ക്യൂർ ഇന്ത്യ നടപ്പിലാക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് വാങ്ങുന്ന വിലകൂടിയ ബ്രേസുകളെ ആശ്രയിക്കുന്നതിനു പകരം, ഇന്ത്യൻ വിദഗ്ധർ, അതും ദിവ്യാംഗർ, സൃഷ്ടിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന ഷൂസുകൾ ആണ് ഉപയോഗപ്പെടുത്തുന്നത്.
ക്യൂർ ഇന്ത്യ ഇതുവരെയായി 7,500 ഹെൽത്ത് കെയർ പ്രൊഫഷണലുകളെ പോൺസെറ്റി രീതിയിൽ പരിശീലിപ്പിക്കുകയും 65,000 കുട്ടികളെ ചികിത്സിക്കുകയും ചെയ്തിട്ടുണ്ട്, വിവിധ സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ 345 നിയുക്ത ക്ലബ്ഫൂട്ട് ക്ലിനിക്കുകളിലൂടെ 25,000 പേർക്ക് നിലവിൽ സൗജന്യ ലോകോത്തര പരിചരണം ലഭ്യമാക്കുന്നു.
കേരളത്തിൽ തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലെ 10 വില്ലേജുകളിൽ 1000 പേർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന തരത്തിൽ എച്ച്സിഎൽ ഫൗണ്ടേഷൻ വഴി എച്ച്സിഎൽടെക്- ന്റെ സിഎസ്ആർ തുകയായ എച്ച്സിഎൽ ഗ്രാന്റിൽ നിന്ന് 25 ലക്ഷം രൂപ പദ്ധതിക്ക് ഗ്രാൻറായി നൽകും.
എച്ച്സിഎൽ ഗ്രാന്റ് പ്രോജക്റ്റിലൂടെ, വക്രപാദ വൈകലത്തോടെ ജനിക്കുന്ന കുട്ടികളെ തിരിച്ചറിയുന്നതിനായി ആശയുടെയും അംഗൻവാടികളുടെയും വിപുലമായ പിന്തുണയിലൂടെ, പേരൻറ് സപ്പോർട്ട് ഗ്രൂപ്പുകളെ ശാക്തീകരിച്ചുകൊണ്ട്, സാമൂഹിക ബോധവത്കരണ പരിപാടികളിലൂടെ 1,768 കുട്ടികളിലേക്ക് (928 നവജാത ശിശുക്കളും 840 ഫോളോ-അപ്പുകളും) CIIT സേവനം എത്തിക്കുകയുണ്ടായി.
പ്രാഥമിക ചികിത്സ പൂർത്തിയാക്കിയ ശേഷം ഈ കുട്ടികൾക്ക് ഫുട്ട് അബ്ഡക്ഷൻ ബ്രേസ് സൗജന്യമായി നൽകുകയും കുട്ടിയുടെ ചികിത്സാ പ്രക്രിയയിൽ പാലിക്കേണ്ട, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് മാനസിക സാമൂഹിക കൗൺസിലിംഗ് സെഷനുകളും നൽകുകയും ചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തൊഴിൽ, സാമൂഹിക സംരക്ഷണ മന്ത്രാലയത്തിലെ നഴ്സുമാർക്കായി നടത്തിയ ട്രെയിനിംഗ് സെഷനിൽ 30 നഴ്സുമാർ പങ്കെടുത്തു. കൗൺസിലിംഗ് ടെക്നിക്കിലും വക്രപാദ ചികിത്സാ പ്രോട്ടോക്കോളിലും അവർക്ക് പരിശീലനം നൽകി. വക്രപാദമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ചികിത്സാ പ്രോട്ടോക്കോൾ മനസ്സിലാക്കാനും അവരുടെ ചികിത്സ സമയബന്ധിതമായി പൂർത്തിയാക്കാനും ഇത് സഹായിക്കും.
തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ആരംഭിച്ച ക്യൂർ ഇന്ത്യ ഇപ്പോൾ രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലേക്ക് പരിപാടി എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളമുള്ള 766 ജില്ലകളിൽ നിയുക്ത ക്ലബ്ഫൂട്ട് ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിനായി സമയബന്ധിതമായ ആരോഗ്യ സംരക്ഷണം, എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം എന്നിവ നേടുന്നതിനായി ഒരു ദേശീയ മാതൃകയും ആവിഷ്കരിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട വൈകല്യ നിർമാർജന പരിപാടി നടപ്പാക്കുന്നതിനു പകരം, 29 ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഗവൺമെന്റുകളുമായി സഹകരിച്ച്, വക്രപാദ വൈകല്യമുള്ള കുട്ടികളെ തിരിച്ചറിയാനും നിയുക്ത ക്ലിനിക്കുകളിലേക്ക് റഫർ ചെയ്യാനും സ്ഥാപനം തീരുമാനിച്ചിരുന്നു.
Discussion about this post