തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യത. ഈ സാഹചര്യത്തിൽ തീരമേഖലയിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
വെള്ളിയാഴ്ച രാത്രി എട്ടരവരെ കടലിൽ ഉയർന്ന തിരമാല രൂപം കൊണ്ടേക്കാമെന്നാണ് ദേശീയ സമുദ്രപരിസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 1.4 മുതൽ 2.0 മീറ്റർവരെ തിരമാലകൾ ഉയരാം. ഇതിന് പുറമേ കലാക്രമണത്തിനും സാദ്ധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളും തീരമേഖലകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Discussion about this post