തെങ്കാശി: തമിഴ്‌നാട്ടിലെ തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി എട്ട് മണിക്കാണ് പാവൂർ ഛത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിക്ക് നേരെ ആക്രമണമുണ്ടായത്. കൊല്ലം സ്വദേശിനിയാണ് ഇവർ. ക്രൂരമായ രീതിയിലാണ് യുവതിയെ മർദ്ദിച്ചത്. പീഡനശ്രമമാണ് ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കി.
എത്ര പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ചുള്ള വിവരം ലഭിച്ചിട്ടില്ല. കരിങ്കല്ലുകൊണ്ട് മുഖത്തും തലയിലും ഇടിച്ച ശേഷം യുവതിയെ റെയിൽവേ ട്രാക്കിലൂടെ വലിച്ചിഴക്കുകയായിരുന്നു. റെയിൽവേ ട്രാക്കിലൂടെ ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് വലിച്ച് താഴെയിട്ടത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുനെൽവേലി റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. പ്രതികളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അതിവിജനമായ പ്രദേശമാണ് യുവതി ആക്രമണത്തിന് ഇരയായ സ്ഥലം. സംഭവസമയം ഇവർ ഒറ്റയ്ക്കായിരുന്നു. ഇത് മനസിലാക്കിയാണ് അക്രമി എത്തിയതെന്നും പോലീസ് പറയുന്നു.









