മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2023ന്റെ മത്സരക്രമം പുറത്തു വിട്ട് ബിസിസിഐ. മാർച്ച് 31നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിംഗ്സുമായി ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.
12 വേദികളിലായാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്. അഹമ്മദാബാദിന് പുറമേ മൊഹാലി, ലഖ്നൗ, ഹൈദരാബാദ്, ബംഗലൂരു, ചെന്നൈ, ഡൽഹി, കൊൽക്കത്ത, ജയ്പൂർ, മുംബൈ, ഗുവാഹട്ടി, ധർമശാല എന്നിവിടങ്ങളാണ് വേദികൾ.
ഏപ്രിൽ 2ന് ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ബാംഗ്ലൂർ- മുംബൈ പോരാട്ടം. ഏപ്രിൽ 8നും മെയ് 6നും മുംബൈ ഇന്ത്യൻസ് ചെന്നൈയെ നേരിടും.
ലീഗ് റൗണ്ടിൽ 70 മത്സരങ്ങളാണ് ഇത്തവണ ഉള്ളത്. മെയ് 21നാണ് അവസാന ലീഗ് മത്സരം. മെയ് 28ന് അഹമ്മദാബാദിലാണ് ഫൈനൽ. ഹർദ്ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസാണ് നിലവിലെ ചാമ്പ്യന്മാർ. ഫൈനലിൽ രാജസ്ഥാൻ റോയൽസിനെയാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്.
രണ്ട് ഗ്രൂപ്പുകളിലായി പത്ത് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഗ്രൂപ്പ് എയിൽ മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപ്പിറ്റൽസ്, ലഖ്നൗ സൂപ്പർ ജയന്റ്സ് എന്നീ ടീമുകളാണ് ഉള്ളത്. ചെന്നൈ സൂപ്പർ കിംഗ്സ്, പഞ്ചാബ് കിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഗുജറാത്ത് ടൈറ്റൻസ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ ടീമുകൾ.








