മോസ്കോ: റഷ്യൻ പ്രസിഡന്റ് വളോദിമിർ പുടിന്റെ സഹായിയായ ഉദ്യോഗസ്ഥ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. റഷ്യൻ സർക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ധനസഹായ വിഭാഗത്തിന്റെ അദ്ധ്യക്ഷയായിരുന്ന മരീന യാൻകിനയാണ് (58) മരിച്ചത്. കെട്ടിടത്തിന്റെ 16ാം നിലയിൽ നിന്ന് താഴേക്ക് വീണാണ് മരണം സംഭവിച്ചത്.
യുക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിന് ആവശ്യമായ പണം കണ്ടെത്തുകയായിരുന്നു മരണപ്പെട്ട ഉദ്യോഗസ്ഥയുടെ പ്രധാന ചുമതല. സെന്റ് പീറ്റേഴ്സ്ബർഗിലെ കലിനിസ്കി മേഖലയിൽ റെസിഡൻഷ്യൽ കോംപ്ലക്സിന്റെ പേവ്മെന്റിൽ ബുധനാഴ്ച രാവിലെ എട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരീനയുടെ ഭർത്താവിന്റെ അപ്പാർട്മെന്റാണ് ഇവിടെയെന്നാണ് റിപ്പോർട്ട്.
റഷ്യയുടെ അഞ്ച് ജ്യോഗ്രഫിക്കൽ ബറ്റാലിയനുകളിൽ വെസ്റ്റേൺ മിലിറ്ററി ഡിസ്ട്രിക്ടിന്റെ ഫിനാൻസ് ഡയറക്ടറായിരുന്നു മരീന. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധത്തിനിടെ മരിച്ച റഷ്യൻ ഉന്നതരിൽ ഏറ്റവും പുതിയയാളാണ് മരീന.
Discussion about this post