ഇസ്ലാമാബാദ്: പാകിസ്താനെ നടുക്കി വീണ്ടും ഭീകരാക്രമണം. കറാച്ചി പോലീസ് ആസ്ഥാനം ഭീകരർ ആക്രമിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേർ കെട്ടിടത്തിലുള്ളപ്പോഴാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവസ്ഥലത്ത് ശക്തമായ ഏറ്റുമുട്ടലുകളും തുടരെ, തുടരെ സ്‌ഫോടനങ്ങളും നടക്കുന്നതായാണ് വിവരം.
ആയുധധാരികളായ ഭീകരർ പോലീസ് ആസ്ഥാനത്തേക്ക് അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നു. 10 ഓളം വരുന്ന ഭീകരസംഘമാണ് പോലീസ് മേധാവിയുടെ ഓഫീസ് ആക്രമിച്ചത്. ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണ്. ഗ്രനേഡുകളും ഓട്ടോമാറ്റിക് തോക്കുകളും ഉപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തുന്നത്.
സ്ഥലത്തേക്ക് കറാച്ചി പോലീസും സേനയും എത്തിയിട്ടുണ്ടെങ്കിലും പോലീസ് ആസ്ഥാനം ഭീകരർ കീഴടക്കിയിരിക്കുകയാണ്. നിരവധി കെട്ടിടങ്ങളും പോലീസുകാരുടെ കുടുംബങ്ങളെ താമസിപ്പിച്ചിരിക്കുന്ന കോട്ടേജുകളും ഭീകരർ കീഴടക്കിയ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. പോലീസ് മേധാവിയുടെ ഓഫീസിന് നേരെയുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്ന് സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ പറഞ്ഞു.
രണ്ട് ആഴ്ച മുൻപ് പാകിസ്താനിലെ പെഷവാറിൽ ഭീകരാക്രമണം നടന്നിരുന്നു. പോലീസ് സ്‌റ്റേഷൻ കോമ്പൗണ്ടിനകത്തെ മസ്ജിദിലായിരുന്നു ആക്രമണം ഉണ്ടായത്. നൂറിലധികം പേർ കൊല്ലപ്പെട്ട സ്‌ഫോടനത്തിൽ ചാവേർ പോലീസ് വേഷത്തിലായിരുന്നു എത്തിയത്.
Discussion about this post