ന്യൂഡൽഹി: തീർത്ഥാടന കേന്ദ്രങ്ങളായ അയോദ്ധ്യയിലും നേപ്പാളിലെ ജനക്പൂരിലുമായി സർവീസ് നടത്തുന്ന ഭാരത് ഗൗരവ് ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ‘ശ്രീറാം-ജാനകി യാത്ര: അയോധ്യ ടു ജനക്പൂർ’ എന്നാണ് യാത്രയ്ക്ക് പേരിട്ടിരിക്കുന്നത്. നന്ദിഗ്രാം, സീതാമർഹി, കാശി, പ്രയാഗ്രാജ് തുടങ്ങിയ ഇടങ്ങളും ഈ ട്രെയിൻ ടൂർ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏഴ് ദിവസം കൊണ്ടാണ് യാത്ര പൂർത്തിയാക്കുന്നത്. 2500 കിലോമീറ്ററോളം ദൂരമാണ് ഇത്രയും ദിവസം കൊണ്ട് സഞ്ചരിക്കുന്നത്. യാത്രയ്ക്ക് താത്പര്യമുള്ളവർക്ക് ഓൺലൈനായി പണമടച്ച് സീറ്റ് ബുക്ക് ചെയ്യാവുന്നതാണ്. 39,775 രൂപയാണ് ഭക്ഷണമുൾപ്പെടെ ഒരാളിൽ നിന്ന് ഈടാക്കുന്നത്. പൂർണമായും ശീതീകരിച്ച കോച്ചുകളാണ് ട്രെയിനിൽ ഉള്ളത്. ഓരോ കോച്ചുകളിലും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും. സിസിടിവി ക്യാമറകളും എല്ലാ കോച്ചിലും ഘടിപ്പിച്ചിട്ടുണ്ട്. പുതിയ ട്രെയിൻ ആരംഭിക്കുന്നത് വഴി ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം കൂടുതൽ ശക്തിപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.
ട്രെയിനിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഓരോ സ്ഥലത്തേക്കും യാത്രക്കാരെ എത്തിക്കാനുള്ള സൗകര്യവും റെയിൽവേ ഒരുക്കിയിട്ടുണ്ട്. ഭഗവാൻ ശ്രീരാമന്റെ ജന്മസ്ഥലമായ അയോദ്ധ്യയിലായിരിക്കും ട്രെയിനിന്റെ ആദ്യ സ്‌റ്റോപ്പ്. രാമജന്മഭൂമി ക്ഷേത്രം, ഹനുമാൻ ക്ഷേത്രം, നന്ദിഗ്രാമിലെ ഭാരത് മന്ദിർ എന്നിവിടങ്ങളിൽ തീർത്ഥാടകരെ എത്തിക്കും. അയോധ്യയിൽ നിന്ന് ട്രെയിൻ ബീഹാറിലെ സീതാമർഹിയിലേക്ക് പോകും. അവിടെ നിന്ന് നേപ്പാളിലെ ജനക്പൂരിലേക്കാണ് യാത്ര. സീതാമർഹിയിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് ജനക്പൂർ.
ജനക്പൂരിൽ രാം ജാങ്കി ക്ഷേത്രം, സീതാ റാം വിവാഹ മണ്ഡപം, ധനുഷ് ധാം എന്നിവ സന്ദർശിക്കാനുള്ള അവസരം തീർത്ഥാടകർക്ക് ലഭിക്കും. സീതാമർഹിയിൽ ജാങ്കി ക്ഷേത്രവും പുനൗര ധാമും സന്ദർശിക്കും. സീതാമർഹിയിൽ നിന്ന് ട്രെയിൻ വാരണാസിയിലേക്കാണ് പോകുന്നത്. സാരാനാഥ്, കാശി വിശ്വനാഥ ക്ഷേത്രം, ക്ഷേത്ര ഇടനാഴി, തുളസി ക്ഷേത്രം, സങ്കടമോചന ഹനുമാൻ ക്ഷേത്രം എന്നിവ തീർത്ഥാടകർക്ക് സന്ദർശിക്കാം. വാരണാസിയിൽ നിന്ന് ബസിലാണ് പ്രയാഗ്രാജിലേക്ക് യാത്രികരെ കൊണ്ടുപോകുന്നത്. പ്രയാഗ്രാജിൽ ഹനുമാൻ ക്ഷേത്രം, ഭരദ്വാജ് ആശ്രമം എന്നിവ സന്ദർശിക്കും. പ്രയാഗ്രാജിൽ നിന്ന് ട്രെയിൻ മാർഗം ഡൽഹിയിലേക്ക് മടങ്ങും.









