ഭോപ്പാൽ: ആശുപത്രി കിടക്കയിൽ വച്ച് വിവാഹിതയായി യുവതി. മദ്ധ്യപ്രദേശിലെ കണ്ഡ്വയിലാണ് സംഭവം. ദേരുഘട്ട് സ്വദേശിയായ രാജേന്ദ്ര ചൗധരിയുടെയും ശിവാനിയുടെയും വിവാഹം ബന്ധുക്കൾ നിശ്ചയിച്ചിരുന്നു. എന്നാൽ വിവാഹനിശ്ചയശേഷം വിവാഹചടങ്ങുകളുമായി ബന്ധപ്പെട്ട ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങവെ ശിവാനിയെ വാഹനം ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി പിന്നീട് ആശുപത്രി കിടക്കയിലായി.
ശിവരാത്രി ദിനത്തിലായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. യുവതി ചികിത്സയിലായതിനാൽ വിവാഹ തീയതി മാറ്റി,മറ്റൊരു ദിവസം നടത്താമെന്ന് വധുവിന്റെ വീട്ടുകാർ രംഗത്തെത്തി. എന്നാൽ വിവാഹം മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കട്ടെ എന്ന് വരൻ നിർബന്ധം പിടിച്ചതോടെ ബന്ധുക്കൾക്ക് മറ്റ് വഴികളില്ലാതെയായി.
എന്നാൽ ആശുപത്രി വിവാഹവേദിയാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ തിരക്കുകൾ ഒഴിവാക്കി അടുത്ത ബന്ധുക്കളെ മാത്രം ഉൾക്കൊള്ളിച്ചുള്ള ചെറിയ ചടങ്ങായി നടത്താമെന്ന് ഇരുകൂട്ടരും ഉറപ്പുനൽകിയതോടെ ആശുപത്രി അധികൃതരും അർദ്ധസമ്മതം മൂളി.
ഇതോടെ പരിക്കേറ്റ് വധു ശിവാനി കിടന്നിരുന്ന മുറി പൂക്കളും അലങ്കാര വസ്തുക്കളും ഉപയോഗിച്ച് കതിർമണ്ഡപവുമായി. അങ്ങനെ അടുത്ത ബന്ധുക്കളെ സാക്ഷിയാക്കി ശിവരാത്രി ദിനത്തിലെ ശുഭമുഹൂർത്തത്തിൽ ആചാരപ്രകാരം വരൻ രാജേന്ദ്ര ചൗധരി ശിവാനിയുടെ കഴുത്തിൽ താലി അണിയിച്ചു. അതേസമയം മുൻനിശ്ചയിച്ച മുഹൂർത്തത്തിന് മുൻഗണന നൽകിയതിനാലാണ് വിവാഹം ആശുപത്രിക്കിടക്കയിലാക്കിയതെന്നും വധു സുഖംപ്രാപിച്ച ശേഷം ഗംഭീര വിവാഹ സൽക്കാരമുണ്ടാകുമെന്നുമാണ് വരൻറെ പിതാവ് സൗധൻ ചൗദരിയുടെ വിശദീകരണം.
Discussion about this post