ചെന്നൈ: മകന്റെ മുടി വെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച ഹെയർ സലൂൺ ബലമായി അടപ്പിച്ച് പോലീസുകാരൻ. തിരുനെൽവേലിയിലെ തിസയൻവിളയിൽ ശനിയാഴ്ചയായിരുന്നു സംഭവം. കോൺസ്റ്റബിളായ നേവിസ് ബ്രിട്ടോയാണ് സലൂൺ പൂട്ടിച്ചത്. മകന്റെ മുടി വെട്ടിയത് ശരിയായില്ല എന്ന് പറഞ്ഞ് കൊണ്ട് സലൂണിലെത്തി ഇയാൾ ബഹളം വയ്ക്കുകയായിരുന്നു. എന്നാൽ പോലീസുകാരന്റെ മകൻ സലൂണിൽ എത്തിയിട്ടില്ല എന്ന് ബാർബർ ആവർത്തിച്ച് പറഞ്ഞെങ്കിലും നേവിസ് അത് ചെവിക്കൊള്ളാൻ തയ്യാറായില്ല. ഒടുവിൽ സംഭവം വാക്കേറ്റത്തിൽ എത്തുകയും നേവിസ് ബലമായി സലൂൺ അടപ്പിക്കുകയുമായിരുന്നു.
എന്നാൽ നേവിസിന്റെ മകൻ ഈ സലൂണിൽ നിന്നല്ല മുടിവെട്ടിയത് എന്ന് പിന്നീടാണ് അറിയുന്നത്. മകൻ പറഞ്ഞ കട മാറിപ്പോവുകയായിരുന്നു. നേവിസ് സലൂണിലെത്തി ബഹളം ഉണ്ടാക്കുന്നതിന്റെയും കട അടപ്പിക്കുന്നതുമെല്ലാം നാട്ടുകാർ വീഡിയോയിൽ പകർത്തിയിരുന്നു. ഈ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നേവിസ് കടയടപ്പിച്ചതിന് പിന്നാലെ സലൂൺ ഉടമസ്ഥനായ ആൾ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ഒപ്പം ചില രാഷ്ട്രീയ നേതാക്കളും പ്രശ്‌നത്തിൽ ഇടപെട്ടു. സംസ്ഥാനത്തെ പോലീസുകാർ ഇത്ര അഹങ്കാരത്തോടെ പെരുമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ നടപടി എടുക്കാൻ മടിക്കുകയാണെന്നും ഇവർ ആരോപിച്ചു.
Discussion about this post