ഇസ്ലാമാബാദ് : ഇന്ത്യയുമായുള്ള ചർച്ച പാകിസ്താന്റെ ആവശ്യമാണെന്ന് ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) മുൻ മേധാവി അതർ അബ്ബാസ്. സ്വയം യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ വാക്കുകൾ ആരാണ് കേൾക്കുക എന്നാണ് അബ്ബാസ് ചോദിച്ചത്. സർക്കാരുമായുള്ള പ്രതിപക്ഷത്തിന്റെ യുദ്ധം ആദ്യം അവസാനിപ്പിക്കണം.
ആഭ്യന്തര സുരക്ഷാ സാഹചര്യം തകർന്നടിഞ്ഞിരിക്കുന്ന ഈ അവസ്ഥയിൽ പാകിസ്താൻ പറയുന്നത് ആരും കേൾക്കില്ല. ഈ അവസരത്തിൽ ഇന്ത്യയുമായി ചർച്ച നടത്താനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയാണ് വേണ്ടത്. മാദ്ധ്യമങ്ങൾക്കും, വ്യാപാര സംഘടനകൾക്കും അക്കാദമികൾക്കും ഇന്ത്യൻ സമൂഹത്തിൽ ഇടം പിടിക്കാൻ സാധിക്കും. ഇതിലൂടെ ജനങ്ങളുടെ അഭിലാഷമെന്താണെന്ന് ഇന്ത്യൻ സർക്കാരിന് മനസിലാക്കിക്കൊടുക്കാനാകും. ഈ സംഭാഷണം പാകിസ്താന്റെ ആവശ്യമാണെന്നും അബ്ബാസ് കൂട്ടിച്ചേർത്തു.
ഇന്ത്യ എതിർപ്പ് പ്രകടിപ്പിച്ചാൽ നമുക്ക് അമേരിക്കയെയും യൂറോപ്യൻ യൂണിയനെയും ഇതിൽ ഉൾപ്പെടുത്താം. അയൽരാജ്യങ്ങളെ ഒരിക്കലും മാറ്റാൻ സാധിക്കില്ലെന്നും അബ്ബാസ് വ്യക്തമാക്കി. പാകിസ്താനിലെ അസ്ഥിരമായ അന്തരീക്ഷം ഇന്ത്യയിലേക്കും വ്യാപിക്കും, അതിനാൽ മറ്റ് വഴികൾ തേടേണ്ടത് അനിവാര്യമാണ്. ചർച്ചകൾ നടത്താൻ സാധിച്ചിരുന്ന നിരവധി അവസരങ്ങൾ ഇരു രാജ്യങ്ങളും നഷ്ടപ്പെടുത്തിയെന്നും അബ്ബാസ് പറഞ്ഞു.
Discussion about this post