കോഹിനൂർ രത്‌നത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി യുകെയിലെ ജനപ്രിയ ടിവി ഷോയിൽ സംവാദം. ഇന്ത്യൻ വംശജയായ പത്രപ്രവർത്തക നരീന്ദർ കൗർ ആണ് ജിബി ന്യൂസ് ബ്രോഡ്കാസ്റ്ററുമായ എമ്മ വെബ്ബിനോട് രത്‌നത്തെ കുറിച്ചുള്ള വസ്തുതകൾ വിവരിക്കുന്നത്. ഇരുവരും തമ്മിൽ നടക്കുന്ന രൂക്ഷമായ വാഗ്വാദത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലും വൈറലാണ്. വജ്രം ഇന്ത്യയിലേക്ക് തിരികെ നൽകണമെന്ന് പറഞ്ഞ് നരീന്ദർ കൗർ തന്നെ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ കിരീടധാരണത്തിന് കോഹിനൂർ വജ്രം പതിച്ച എലിസബത്ത് രാജ്ഞിയുടെ കിരീടം കാമില ധരിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ഈ പ്രഖ്യാപനമാണ് കോഹിനൂർ ഇന്ത്യയിലേക്ക് തിരികെ നൽകണോ വേണ്ടയോ എന്ന ചർച്ചയ്ക്ക് വീണ്ടും തിരികൊളുത്തിയത്. വജ്രത്തിന്റെ ഉടമസ്ഥാവകാശം ഇന്ത്യയ്ക്ക് പറയാനികില്ലെന്നും അതിൽ തർക്കമുണ്ടെന്നുമായിരുന്നു എമ്മ വെബ്ബിന്റെ വാദം.
” ആ ഭരണാധികാരി ലാഹോറിന്റെ കൂടെ ഭരണാധികാരിയായിരുന്നു, അതും പറഞ്ഞ് പാകിസ്താനും ഈ രത്‌നത്തിൽ അവകാശം ഉന്നയിക്കുമോ. പേർഷ്യൻ സാമാജ്ര്യത്തിൽ നിന്നാണ് അവർ അത് മോഷ്ടിച്ചത്. പേർഷ്യക്കാർ പിന്നീട് മുഗളന്മാരെ ആക്രമിച്ചു. അതുകൊണ്ട് തന്നെ ഇതൊരു തർക്ക വസ്തുവാണെന്നായിരുന്നു” എമ്മ വെബ്ബ് പറഞ്ഞത്.
എന്നാൽ നിങ്ങൾക്ക് ചരിത്രം അറിയില്ലെന്ന് പറഞ്ഞുകൊണ്ട് കടുത്ത മറുപടിയാണ് നരീന്ദർ ഇതിന് നൽകുന്നത്. ” നിങ്ങൾക്ക് ചരിത്രം അറിയില്ല. കോളനിവത്കരണത്തേയും രക്തച്ചൊരിച്ചിലിനേയുമാണ് ഇത് പ്രതിനിധീകരിക്കുന്നത്. അത് ഇന്ത്യയ്ക്ക് തിരികെ നൽകണം. ഇന്ത്യയിൽ നിന്നുള്ള ഒരു കുട്ടിക്ക് അത് കാണണം എന്നുണ്ടെങ്കിൽ യുകെ വരെ യാത്ര ചെയ്യണം എന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും” നരീന്ദര്‍ പറയുന്നു.










