ലഖ്നൗ: ഓസ്ട്രേലിയൻ താരം അലിസ ഹീലിയെ ക്യാപ്ടനായി തിരഞ്ഞെടുത്ത് യുപി വാറിയേഴ്സ്. ഹീലി ഉൾപ്പെടെ 6 വിദേശ താരങ്ങളെയാണ് പ്രഥമ വനിതാ പ്രീമിയർ ലീഗിന് മുന്നോടിയായി യുപി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ട്വന്റി 20യിൽ മികച്ച റെക്കോർഡുള്ള താരമാണ് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ അലിസ ഹീലി. 130 മത്സരങ്ങളിൽ നിന്നായി രണ്ടായിരത്തി അഞ്ഞൂറിനടുത്ത് റൺസ് ഹീലി സ്കോർ ചെയ്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും 14 അർദ്ധ സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്. ട്വന്റി 20യിൽ 110 പേരെ പുറത്താക്കിയതിന്റെ റെക്കോർഡും വിക്കറ്റ് കീപ്പറായി അലിസയ്ക്ക് സ്വന്തമാണ്.
ഏകദിന ലോകകപ്പ് നേടിയ രണ്ട് ഓസ്ട്രേലിയൻ വനിതാ സംഘങ്ങളിലും ഹീലിയുടെ സാന്നിദ്ധ്യം നിർണായകമായിരുന്നു. 2018ലെ ഐസിസി ട്വന്റി 20 പ്ലെയർ ഓഫ് ദി ഇയർ ആയിരുന്നു അലിസ. 2020 ട്വന്റി 20 ലോകകപ്പ് ഫൈനലിൽ മെൽബണിൽ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയപ്പോൾ ഹീലിയായിരുന്നു പ്ലെയർ ഓഫ് ദ് മാച്ച്.








