ഇടുക്കി: കിടപ്പ് രോഗിയായ ഭർത്താവിന്റെ കഴുത്ത് അറുത്ത ശേഷം ഭാര്യ ആത്മഹത്യ ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. കുളമാവ് കരിപ്പലങ്ങാടിൽ ആണ് സംഭവം.
ഭർത്താവ് സുകുമാരന്റെ കഴുത്തറുത്ത ശേഷം ഭാര്യ മിനി മോളാണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
റെയിൽവേയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനായ സുകുമാരൻ ഏറെ നാളായി കിടപ്പിലായിരുന്നു. ഭാര്യയും ഹോം നേഴ്സുമാണ് ഇദ്ദേഹത്തെ പരിചരിച്ചിരുന്നത്. ഹോം നേഴ്സ് വരുന്നതിന് മുൻപായിരുന്നു സംഭവം. രാവിലെ വീട്ടിലെത്തിയ ഹോം നേഴ്സ് സോണിയയാണ് സംഭവം മറ്റുള്ളവരെ അറിയിച്ചത്. സംഭവത്തിൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.












