തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ വിജിലൻസ് പരിശോധന വ്യാപിപ്പിക്കും. സഹായത്തിനായി സമർപ്പിച്ച എല്ലാ രേഖകളും പരിശോധിക്കാനാണ് നിർദ്ദേശം. ഇന്നലെ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന വ്യാപിപ്പിക്കുന്നത്. ജില്ലകളില്‍ എസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘം കളക്ടറേറ്റിലെത്തി രേഖകള്‍ പരിശോധിക്കും. സമ്പന്നരായ വിദേശമലയാളികൾക്ക് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണമനുവദിച്ചുവെന്നാണ് ഇന്നലെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. വ്യാപകമായി വ്യാജ സർട്ടിഫിക്കറ്റുകൾ അനുവദിച്ചായിരുന്നു തട്ടിപ്പ്.
ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർക്ക് ധനസഹായം വാങ്ങി നൽകുന്നതിനായി ചില കളക്ടറേറ്റുകളിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഏജന്റുമാർ പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എറണാകുളം ജില്ലയിലെ സമ്പന്നനായ വിദേശ മലയാളിക്ക് ചികിത്സാ ധനസഹായമായി 3,00,000 രൂപയും മറ്റൊരു വിദേശ മലയാളിക്ക് 45,000 രൂപയും അനുവദിച്ചിട്ടുള്ളതായാണ് കണ്ടെത്തിയത്. ഏറ്റവും പാവപ്പെട്ടവർക്കുള്ള സഹായമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നൽകുന്നത്. കുറ്റമറ്റ രീതിയിൽ അർഹതപ്പെട്ടവർക്ക് മാത്രമാണ് സഹായം അനുവദിക്കുന്നതെന്നായിരുന്നു സർക്കാർ വിശദീകരണം. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ വൻ തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന തുടരാൻ തീരുമാനമായത്.
എറണാകുളത്ത് പണമനുവദിച്ച പ്രവാസികളിലൊരാൾക്ക് 2 ആഡംബര കാറുകളും വലിയ കെട്ടിടവുമുണ്ട്. ഭാര്യ അമേരിക്കയിൽ നഴ്‌സാണ്. രണ്ട് ലക്ഷം വരുമാന പരിധിയിലുള്ളവർക്കാണ് സഹായം അനുവദിക്കുക എന്നിരിക്കെയാണ് വൻ തട്ടിപ്പ് നടന്നിരിക്കുന്നത്. സംസ്ഥാനത്ത് ഉടനീളം ഡോക്ടർമാരും ഇടനിലക്കാരും ഏജൻറുമാരും അടങ്ങുന്ന വൻ തട്ടിപ്പ് ശൃംഖല തന്നെ പണം കൈക്കലാക്കാൻ പ്രവർത്തിക്കുന്നു എന്നാണ് വിജിലൻസിൻറെ കണ്ടെത്തൽ.
Discussion about this post